27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് — സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷ
Iritty

ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് — സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷ

ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. ബാങ്ക് രൂപീകരണം മുതൽ യുഡിഎഫ് ആണ് ഇവിടെ ഭരണം കയ്യാളുന്നത്. ഇത്തവണ എൽഡിഎഫ് പിന്തുണയുള്ള ജനകീയ സംരക്ഷണ സമിതി യുഡിഎഫ് പാനലിന് എതിരായി മത്സര രംഗത്തുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഹൈക്കോടതി നിർദ്ദേശപ്രകാരം കനത്ത സുരക്ഷയിലാണ് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് യു പി സ്കൂളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വോട്ടെടുപ്പ്. തുടർന്ന് വോട്ടെണ്ണലും നടക്കും. കെ സി ചാക്കോ, മോനിച്ചൻ ചെമ്പകശ്ശേരിൽ, ഷീൻ ജോസഫ്, ഇ.പി. ഷാജു, സണ്ണി തോമസ്, ഷാജു ജോർജ്, ഫൗസിയ മുസ്തഫ, ബിൻസി വട്ടുകുളത്ത്, ശർമിള കുര്യൻ, കുഞ്ഞുമോൻ കൂട്ടുകാഞ്ഞിരത്തിങ്കൽ, അഡ്വക്കേറ്റ് മനോജ് എം കണ്ടത്തിൽ എന്നിവരാണ് യുഡിഎഫ് പാനലിൽ മത്സരിക്കുന്നത്. ഒ.എ. എബ്രഹാം, സിബി വാഴക്കാല, ജോർജ് ഓരത്തേൽ, സി.എം. ജോർജ്, കെ.പി. ബാബു, ബിജോയ് പ്ലാത്തോട്ടത്തിൽ, ചിന്നമ്മ പുരയിടത്തിൽ, സക്കീന മൊയ്തീൻ, വി.ടി. സാറാമ്മ, എൻ.എ. സുകുമാരൻ, സന്ദേശ് സാവിയോ എന്നിവരാണ് ജനകീയ സംരക്ഷണ സമിതിക്ക് വേണ്ടി മത്സര രംഗത്തുള്ളത്.
ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇരുന്നൂറ് പോലീസുകാർ സുരക്ഷയ്ക്കായി അണിനിരക്കും. രാത്രി മുതൽ തിരഞ്ഞെടുപ്പ് നടക്കുന്ന അങ്ങാടിക്കടവ് സേക്രട്ട്ഹാർട്ട് എൽ പി സ്കൂളിന്റെ നിയന്ത്രണം പോലീസിന്റെ കയ്യിലാണ്. മൊബൈൽ പെട്രോൾ ഗ്രൂപ്പുകൾ ആനപ്പന്തി ബാങ്ക് പരിധിയിലുള്ള പ്രദേശങ്ങളിൽ റോന്ത് ചുറ്റുന്നുണ്ട്. ശനിയാഴിച്ച രാവിലെ 6. 30 മുതൽ മാത്രമേ പോളിംഗ് സ്റ്റേഷനിലേക്ക് ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ. വോട്ടർമാരെ നിയന്ത്രിച്ചു നിർത്തുന്നതിനായി ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക വരിയാണ് നിശ്ചയിച്ചിരിക്കുന്നത്. കവാടത്തിൽ രണ്ട് ബാങ്ക് ജീവനക്കാർ, ബാങ്ക് തിരിച്ചറിയൽ കാർഡ്, ബാങ്കിലെ ഫോട്ടോയും ഒത്തു നോക്കി ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ പോളിങ്ങ് സ്റ്റേഷന് സമീപത്തേക്ക് കടത്തിവിടുകയുള്ളൂ. ഏഴ് ബൂത്തുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. പോളിംഗ് ബൂത്തിന് മുന്നിൽ സിക്സ്ബി രജിസ്റ്ററിൽ ഒത്തു നോക്കിയതിനുശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂ. 4 സിഐമാരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിങ് ഫോഴ്സ്, 25 എസ്ഐ മാരുടെ നേതൃത്വത്തിൽ മൊബൈൽ പെട്രോളിങ്ങ് എന്നിവ ഒരുക്കിയിട്ടുണ്ട്. 7 ഇടങ്ങളിൽ പോലീസ് പിക്കപ്പ് പോസ്റ്റും ഏർപ്പെടുത്തി. അങ്ങാടികടവ്, വാണിയപ്പാറ, ആനപ്പന്തികവല, ചരൾ, കരിക്കോട്ടക്കരി, മുണ്ടയാംപറമ്പ്, ഡോൺ ബോസ്കോ എന്നിവിടങ്ങളിലാണ് പിക്കപ്പ് പോസ്റ്റ്. പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളിലും വാഹന പരിശോധനയും ഉണ്ടാകും. ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷൻ വിനു എം ദാസ് സ്ഥലത്ത് നിരീക്ഷകനായി ഉണ്ടാകും. പോലീസിന് നേതൃത്വത്തിൽ വീഡിയോ ചിത്രീകരണവും നടക്കും. അക്രമം കണ്ടാൽ നടപടിയെടുക്കുമെന്നും വോട്ടർമാർ ആവശ്യപ്പെട്ടാൽ സുരക്ഷ നൽകുമെന്നും ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ പറഞ്ഞു.

Related posts

പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

Aswathi Kottiyoor

കേരളാ കോഫി വർക്കേഴ്‌സ് വെൽഫയർ കോ ഓപ്പ . സൊസൈറ്റി

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം – പ്രക്കൂഴം ചടങ്ങു നടന്നു മെയ് 27 ന് നീരെഴുന്നള്ളത്ത്

WordPress Image Lightbox