ഇസ്രയേലിൽ നൂതന കൃഷിരീതികൾ കാണാനായി കേരളത്തിൽ നിന്നും പോയ സംഘത്തിലെ ബിജു കുര്യനെ കാണാതായ സംഭവത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആരും പരാതി നല്കിയിട്ടില്ലെന്നു കൃഷി മന്ത്രി പി. പ്രസാദ്. ആളെ കണ്ടെത്തി തിരികെ എത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
സർക്കാർ മുൻകൈ എടുത്താണ് ബിജു ഉൾപ്പെടെയുള്ളവർക്ക് വിസ ലഭ്യമാക്കിയത്. ഈ വിസ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. ഇസ്രയേലിൽ എത്തിയശേഷം അദ്ദേഹം ബോധപൂർവമായി മുങ്ങിയതാണെന്നു വേണം കരുതാൻ. കൃഷിയിൽ ലോകത്തു വന്ന മാറ്റങ്ങൾ പഠിക്കാനാണ് സംഘത്തെ ഇസ്രയേലിലേക്ക് അയച്ചത്.
ഇസ്രയേലിൽ നിന്നും കർഷകർ നേടിയ അറിവുകൾ പ്രയോജനപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളും. ഇനിയും കൂടുതൽ കർഷകരെ വിദേശങ്ങളിലേയ്ക്ക് അയയ്ക്കും. സന്പൂർണ ബജറ്റ് സമ്മേളനം ആയതിനാലാണ് തനിക്ക് വിദേശയാത്രയിൽ പങ്കാളിയാകാൻ കഴിയാഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.