കൊച്ചി
ദക്ഷിണേന്ത്യയിലെ ആദ്യത്തെ റിവർ സ്വിമ്മത്തോൺ ഞായറാഴ്‌ച ആലുവ പെരിയാറിൽ നടക്കും. നീന്തലിനെ മികച്ച കായിക ഇനമാക്കി വളർത്തുന്നതിനൊപ്പം യുവജനങ്ങളെ രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിൽനിന്ന് ഒളിമ്പിക് താരങ്ങളെ വാർത്തെടുക്കാനും ലക്ഷ്യമിടുന്നു.
സാഹസിക–-പാരിസ്ഥിതിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമാണ്. ദേശീയ, അന്തർദേശീയ തലങ്ങളിലെ പ്രശസ്‌ത നീന്തൽതാരങ്ങളും പരിശീലകരും പങ്കെടുക്കും. റിവർ ഹോഴ്‌സ് (400 മീറ്റർ), റിവർ സ്‌കേറ്റർ (ഒരു കിലോമീറ്റർ), റിവർ സ്‌ട്രൈഡർ (അഞ്ച് കിലോമീറ്റർ), റിവർ നിക്‌സി (10 കിലോമീറ്റർ) വിഭാഗങ്ങളിലാണ് സ്വിമ്മത്തോൺ. നാഗർകോവിലിൽ നിന്നുള്ള ആറുവയസ്സുകാരൻ നിശ്വിക് മുതൽ കൊച്ചിയിലെ അറുപത്തിരണ്ടുകാരൻ ബോബൻ ജോർജ് നീലാങ്കൽവരെ വിവിധപ്രായക്കാർ പങ്കെടുക്കുന്നുണ്ട്. പെൺകുട്ടികളിൽ, കണ്ണൂരിൽ നിന്നുള്ള എട്ടുവയസ്സുകാരി വേദികയാണ് ഏറ്റവും പ്രായംകുറഞ്ഞയാൾ. പുലർച്ചെ ആറിന് ആലുവ മണപ്പുറത്തിനുസമീപം ഉറുമ്പത്ത് കടവിൽ ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചവരെ നീളും.