• Home
  • Kerala
  • പുതിയ റോഡുകളിൽ പൈപ്പുകൾക്കും കേബിളുകൾക്കും ഡക്ടുകൾ നിർമ്മിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala

പുതിയ റോഡുകളിൽ പൈപ്പുകൾക്കും കേബിളുകൾക്കും ഡക്ടുകൾ നിർമ്മിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പുതിയ റോഡുകളില്‍ കുടിവെള്ള പൈപ്പുകളും കേബിളുകളും ഇടുന്നതിന് ഡക്ടുകള്‍ സ്ഥാപിക്കുമെന്നും റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് ഇതോടെ ഒഴിവാകുമെന്നും പൊതുമരാമത്ത് -ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കാട്ടിപ്പറമ്പ് – കളത്തറ റോഡ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എറണാകുളം ഉള്‍പ്പെടെ 9 ജില്ലകളിലൂടെ 629 കിലോമീറ്റര്‍ ദൂരത്തില്‍ കടന്നുപോകുന്ന തീരദേശ ഹൈവേയില്‍ ഡക്ടുകള്‍, സൈക്കിള്‍ പാത്ത്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കുമായി കംഫര്‍ട്ട് സ്റ്റേഷനുകള്‍ എന്നിവ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നിര്‍മ്മാണം കഴിഞ്ഞ ഉടനെ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കുവാന്‍ വിവിധ വകുപ്പുകളെ ബന്ധിപ്പിച്ച് പോര്‍ട്ടല്‍ ഏര്‍പ്പെടുത്തും. കുടിവെള്ള പൈപ്പ്, വൈദ്യുത പോസ്റ്റ് തുടങ്ങിയവ റോഡുകളിൽ സ്ഥാപിക്കുന്നതിന് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പുതിയതായി നിര്‍മ്മിക്കുന്ന റോഡുകളില്‍ ഡക്ടുകള്‍ സ്ഥാപിക്കുന്നതിനാല്‍ പൈപ്പുകളും കേബിളുകളും ഇടുന്നതിന് വെട്ടിപ്പൊളിക്കേണ്ടി വരില്ല.

30,000 കിലോമീറ്ററുള്ള പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും 2026 ആകുമ്പോള്‍ ബിഎം ആന്റ് ബിസി നിലവാരത്തിലാകും. കൊച്ചി നിയോജക മണ്ഡലത്തിലെ ടൂറിസം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും കെ.ജെ മാക്‌സി എംഎല്‍എയുടെ ആവശ്യം പരിഗണിച്ചാണ് കാട്ടിപ്പറമ്പ് – കളത്തറ റോഡ് ബിഎം ആന്റ് ബിസി നിലവാരത്തില്‍ നിര്‍മ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ രണ്ടു സംസ്ഥാന പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിനായി 2.25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.ജെ മാക്‌സി എംഎല്‍എ പറഞ്ഞു

ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ദീപു കുഞ്ഞുക്കുട്ടി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു ജോഷി, ചെല്ലാനം ഗ്രാമപഞ്ചായത്ത് അംഗം മാര്‍ഗരറ്റ്, പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം സുപ്രണ്ടിങ് എഞ്ചിനീയര്‍ പി.ടി ജയ, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.എം സ്വപ്‌ന, അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ പി.വി അനുരൂപ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി എ പീറ്റര്‍, കെ.എം റിയാദ്, അബ്ദുള്‍ ജലീല്‍, എം.എം ഫ്രാന്‍സിസ്, സേവ്യര്‍ കല്ലുവീട്ടില്‍, പി.എ ഖാലിദ്, ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

തെരുവുനായ വിഷയത്തിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് കളക്ടർമാരോട് മുഖ്യമന്ത്രി

Aswathi Kottiyoor

ബൈക്കിൽ ബസിടിച്ച് തീപടർന്നു; പൊലീസുകാരൻ വെന്തുമരിച്ചു

Aswathi Kottiyoor

സംവരണക്കേസിന്റെ പേരിൽ മെഡിക്കൽ പ്രവേശനം തടസ്സപ്പെടുത്തരുത്: കേന്ദ്രം.

Aswathi Kottiyoor
WordPress Image Lightbox