24.8 C
Iritty, IN
May 1, 2024
  • Home
  • Kerala
  • കാർഷിക സെൻസസ് ജില്ലയിൽ തുടങ്ങി
Kerala

കാർഷിക സെൻസസ് ജില്ലയിൽ തുടങ്ങി

കാർഷിക സെൻസസ്-2022 ന്റെ ഭാഗമായുള്ള ഒന്നാംഘട്ട ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ ജില്ലയിൽ തുടങ്ങി. സർവ്വേ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായുള്ള ജില്ലാതല ഏകോപന സമിതി യോഗം എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്നു.
ജില്ലയിൽ തദ്ദേശ സ്ഥാപന വാർഡുകൾ കേന്ദ്രീകരിച്ച് ഭൂമി കൈവശക്കാരുടെ പട്ടികയാണ് ഒന്നാംഘട്ടത്തിൽ തയ്യാറാക്കുന്നത്. ഭൂമിയുടെ വിസ്തൃതി, കൃഷി ചെയ്യുന്നത് ആണോ അല്ലയോ, സാമൂഹിക വിഭാഗം, ലിംഗം എന്നീ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയാണ് ചെയ്യുന്നത്. താൽക്കാലികമായി തെരഞ്ഞെടുക്കപ്പെട്ട 518 എന്യൂമറേറ്റർമാരെയാണ് ഇതിനായി നിയമിച്ചിട്ടുള്ളത്. മൂന്ന് വാർഡിന് ഒരു എന്യൂമറേറ്റർ എന്ന രീതിയിലാണ് ചുമതല. ഇവരുടെ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത്, നഗരസഭ തലത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരും ബ്ലോക്ക് തലത്തിൽ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരും, ഇൻസ്‌പെക്ടർമാരും ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡയറക്ടറുമാണ് മേൽനോട്ടം വഹിക്കുന്നത്. മാർച്ചോടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ അവസാനിക്കും. രണ്ടാം ഘട്ടത്തിൽ പ്രധാന സർവ്വേയും മൂന്നാം ഘട്ടത്തിൽ ഇൻപുട്ട് സർവ്വേയും നടക്കും.
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന ലോക വ്യാപകമായി സംഘടിപ്പിക്കുന്ന കാർഷിക സെൻസസിന്റെ ഭാഗമായാണ് കേന്ദ്ര കാർഷിക മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലും കാർഷിക സെൻസസ് നടത്തുന്നത്. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിനാണ് കേരളത്തിൽ സെൻസസ് ചുമതല. വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, സാമൂഹിക-സാമ്പത്തിക നയരൂപീകരണത്തിനുമാണ് സെൻസസ് വിവരങ്ങൾ ഉപയോഗിക്കുക. ഭൂവിനിയോഗം, കൃഷി രീതി, കൃഷിയ്ക്കുപയോഗിക്കുന്ന ജലസേചനം, വളം, കീടനാശിനി, കാർഷിക ഉപകരണങ്ങൾ മുതലായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാർഷിക മേഖലയുടെ ഘടനയും സവിശേഷതകളും വിവരിക്കുക, കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുകയും പുതിയ നയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നതിനാവശ്യമായ വിവരങ്ങൾ ഏറ്റവും താഴ്ന്ന ഭൂമിശാസ്ത്രപരമായ തലം വരെ നൽകുക തുടങ്ങിയവയാണ് കാർഷിക സെൻസസിന്റെ പ്രധാന ലക്ഷ്യങ്ങൾ.
എഡിഎമ്മിന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ ഇ വി പ്രേമരാജൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം എൻ പ്രദീപൻ, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Related posts

മൂന്ന് ദിവസത്തെ സന്ദര്‍ശനം: രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്, വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

Aswathi Kottiyoor

ഭക്ഷണം പാഴാക്കരുത് ‘സേവ് ഫുഡ് ഷെയര്‍ ഫുഡ് ‘ പദ്ധതിയിൽ പങ്കാളികളാകാം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox