പുതുവത്സരം സുരക്ഷിതമായി ആഘോഷിക്കാൻ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി ദുബായ്. വിവിധ രാജ്യങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സരാഘോഷത്തിന് ദുബായിൽ എത്തിയിരിക്കുന്നത്. സന്ദർശകരുടെ വലിയ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ദുബായ് വിമാനത്താവളങ്ങളിൽ ഉണ്ടായത്
ദുബായ് നഗരത്തിലുടനീളം 10000 ത്തോളം സിസിടിവി ക്യാമറകൾ പുതുവത്സര ആഘോഷം നിരീക്ഷിക്കുന്നതിനായി പ്രത്യേകമായി സ്ഥാപിക്കും. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബായ് പോലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് സർവീസ് എന്നിവ സംയുക്തമായി കൈകോർത്തുകൊണ്ട് നഗരത്തിലുടനീളം പ്രത്യേക സംഘങ്ങളെ വിന്യസിക്കും. പൊതുജനങ്ങളെ ആഘോഷവേദികളിലേക്ക് എത്തിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളും സജ്ജീകരിക്കുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും, അന്വേഷണങ്ങൾക്ക് 901 എന്ന നമ്പറിലും പോലീസുമായി ബന്ധപ്പെടാവുന്നതാണ്. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടുക, പ്രഥമ ശുശ്രൂഷയുടെ ആവശ്യം നേരിടുക, കുട്ടികളെ കാണാതെ പോകുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി പോലീസ് സേനയുടെ പ്രത്യേക ടെന്റുകൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
പുതുവത്സര ദിനത്തിൽ ഏറ്റവും ശ്രദ്ധേയമായ വെടിക്കെട്ടുകളിൽ ഒന്നാണ് ബുർജ് ഖലീഫയിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. ദുബായിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആളുകൾക്ക് എത്തിച്ചേരാൻ ദുബായ് മെട്രോ പ്രത്യേക സർവീസുകൾ ആണ് നടത്തുന്നത്. ബുർജ് ഖലീഫ മെട്രോ സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് സൗത്ത് റിഡ്ജിൽ എത്തിയാൽ ബുർജ് ഖലീഫ യിലെ വെടിക്കെട്ട് കാണാം. കുടുംബമായി എത്തുന്നവർക്ക് ബുർജ് ഖലീഫ മെട്രോ സ്റ്റേഷനിൽ നിന്നും ഐലൻഡ് പാർക്കിലോ ടവർ വ്യൂവിന് പിന്നിലുള്ള പ്രദേശത്തോ എത്തിയാൽ സൗകര്യപ്രദമായി വെടിക്കെട്ട് കാണാം. ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷനിൽ എത്തുന്നവർക്ക് ബൊളിവാർഡ് പ്രദേശത്തും, സംഘമായി എത്തുന്നവർക്ക് സൗത്ത് എഡ്ജ് പ്രദേശത്തുമായി വെടിക്കെട്ട് ആസ്വദിക്കാം. ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ എത്തിയാലും ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാൻ സാധിക്കും. ശനിയാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ തിങ്കളാഴ്ച അർദ്ധരാത്രി 12 വരെ 43 മണിക്കൂർ തുടർച്ചയായി ദുബായ് മെട്രോ പ്രവർത്തിക്കും. ശനിയാഴ്ച രാവിലെ ആറുമണി മുതൽ തിങ്കളാഴ്ച അർദ്ധരാത്രി ഒരുമണിവരെ ട്രാം സേവനവും ലഭ്യമാണ്. ആഘോഷത്തിന് എത്തുന്നവരുടെ തിരക്ക് പരിഗണിച്ച് പലയിടങ്ങളിലും അധിക പാർക്കിംഗ് സ്ഥലങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആഘോഷ പരിപാടികൾ നഗരത്തിലെ പല ഭാഗങ്ങളിലും നടക്കുന്നതിനാൽ അവിടെ നിന്നെല്ലാം മെട്രോ സ്റ്റേഷനിലേക്ക് എത്തുന്നതിനു വേണ്ടി പ്രത്യേക ബസ് സർവീസുകളും ദുബായ് സർക്കാർ ഒരുക്കിയിട്ടുണ്ട്. അസാധാരണമായ തിരക്ക് ഈ വർഷം അനുഭവപ്പെടുന്നതിനാൽ വൈകിട്ട് 4 മുതൽ പല സ്ഥലങ്ങളിലും റോഡുകൾ അടച്ചിടും. അടിയന്തര വാഹനങ്ങൾക്കും പൊതു ഗതാഗത വാഹനങ്ങൾക്കും മാത്രമായിരിക്കും പിന്നീട് റോഡിൽ ഇറങ്ങാനാകുക. ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതനുസരിച്ച് അവരുടെ ഷെഡ്യൂളുകൾ തയ്യാറാക്കേണ്ടതാണ്.
പുതുവത്സരത്തോടനുബന്ധിച്ച് ദുബായിലും ഷാർജയിലും ജനുവരി ഒന്നിന് സൗജന്യ പാർക്കിംഗ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ദുബായിൽ ബഹുനില കെട്ടിടങ്ങൾക്ക് സമീപമുള്ള പാർക്കിങ്ങുകളിലും, ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിംഗ് ഫീസ് ഈടാക്കുന്ന ഷാർജ എമിറേറ്റിലെ പാർക്കിംഗ് സോണുകളിലും സൗജന്യ പാർക്കിംഗ് ഉണ്ടായിരിക്കുന്നതല്ല.