സംരംഭക വര്‍ഷം 2022-23ന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ ആരംഭിച്ചത് 8821 സംരംഭങ്ങള്‍. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 77.61 ശതമാനമാണ് ജില്ല ഇതുവരെ കൈവരിച്ച നേട്ടം. 551.84 കോടിയുടെ നിക്ഷേപവും ഉണ്ടായി. 18223 തൊഴില്‍ സൃഷ്ടിക്കാന്‍ സാധിച്ചു. നിലവില്‍ സംസ്ഥാനത്ത് ജില്ല അഞ്ചാം സ്ഥാനത്താണ്. പദ്ധതിയുടെ ഭാഗമായി 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 94 ഇന്റേണുകളെയാണ് നിയമിച്ചത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ്ഡെസ്‌ക് കാര്യക്ഷമമാണെന്ന് യോഗം വിലയിരുത്തി. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ മൂന്നാമത് അവലോകന യോഗമാണ് ചേര്‍ന്നത്.
ജില്ലാ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ ചെറിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ അത് പാതിവഴിയില്‍ ഉപേക്ഷിക്കരുതെന്നും തുടക്കത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുമെങ്കിലും അത് മറികടന്ന് വിജയത്തിലെത്താന്‍ ശ്രമിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
തുടര്‍ന്ന് നടന്ന ശില്‍പശാലയില്‍ 100 ശതമാനം നേട്ടം കൈവരിച്ച ഇന്റേണ്‍മാരെ അനുമോദിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് എം എസ് എം ഇ ലോണ്‍ പോയിന്റ് മേധാവി വി കെ ആദര്‍ശ് മോട്ടിവേഷന്‍ പരിശീലനക്ലാസെടുത്തു. ‘സംരംഭകത്വം-നൂതനാശയങ്ങള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ചയും ഇന്റേണ്‍മാരുടെ അനുഭവം പങ്കിടലും നടന്നു. തുടര്‍ന്ന് സംഗീത സാഹിത്യ സദസ് അരങ്ങേറി.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് അധ്യക്ഷത വഹിച്ചു. ഇ ഐ മാനേജര്‍ വി കെ ശ്രീജന്‍, ക്രെഡിറ്റ് മാനേജര്‍ എസ് കെ ഷമ്മി, ആര്‍ ഇ ടി മാനേജര്‍ ഇ ആര്‍ നിധിന്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍മാരായ(ഹെഡ് ക്വാര്‍ട്ടേഴ്‌സ്) ടി ശിവദാസന്‍, കെ ഷിബിന്‍, തളിപ്പറമ്പ് ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ പി ഗിരീഷ്‌കുമാര്‍, കണ്ണൂര്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍മാരായ(കണ്ണൂര്‍)കെ അരവിന്ദാക്ഷന്‍, കെ കെ ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.