25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ബഫർസോൺ: പ്രതീക്ഷ വിദഗ്‌ധ സമിതിയിൽ
kannur

ബഫർസോൺ: പ്രതീക്ഷ വിദഗ്‌ധ സമിതിയിൽ

വനമേഖലയ്‌ക്ക്‌ ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം ബഫർസോണിൽനിന്ന്‌ ഒഴിവാക്കണമെന്ന ജനങ്ങളുടെ ആവശ്യം സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതി പരിഗണിക്കുമെന്ന്‌ പ്രതീക്ഷ. വനപരിസരത്തെ ഒരു കിലോമീറ്റർ ബഫർസോണാക്കണമെന്ന്‌ നേരത്തെ കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തെ തുടർന്ന് പരിധിക്കുള്ളിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ എന്നിവ സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ (കെഎസ്ആർഇസി) ഉപഗ്രഹ സർവേ നടത്തി പ്രാഥമിക റിപ്പോർട്ട്‌ തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടും ഭൂപടവും ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ അവ്യക്തതയുണ്ടാക്കിയതായി പരാതി ഉയർന്നിട്ടുണ്ട്‌.
വില്ലേജ്‌, പഞ്ചായത്ത്‌ പരിധിയിലെ സർവേ നമ്പർ അടക്കമുള്ള നിർമിതികളുടെ വിവരങ്ങളും ഭൂപടങ്ങളുമാണ്‌ ഉപഗ്രഹ സർവേയുടെ ഭാഗമായുള്ള റിപ്പോർട്ടായി പ്രസിദ്ധീകരിച്ചത്‌. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളുടെ അതിരിലുള്ള ആറളം, കൊട്ടിയൂർ, കേളകം വില്ലേജുകളെക്കുറിച്ചുള്ള വിവരങ്ങളിലാണ്‌ അവ്യക്തതയെന്നാണ്‌ പരാതി. ആറളം വന്യജീവി സങ്കേതം അതിരിലെ ഒരുകിലോമീറ്റർ ചുറ്റളവിൽ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയാണ്. 3,500 പട്ടികവർഗ കുടുംബങ്ങൾക്ക്‌ ഒരേക്കർ വീതം പതിച്ചുനൽകിയ ഈ പ്രദേശം സീറോ സോണാക്കണമെന്ന ആവശ്യം നേരത്തെ മുതൽ ഉയർന്നതാണ്‌. ഉപഗ്രഹ സർഗവ റിപ്പോർട്ടിൽ ഈ ഭാഗം ജനവാസമേഖലയെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സർവേ റിപ്പോർട്ടിൽ ഇല്ല. ഇതുകൂടി ഉൾപ്പെടുത്തി റിപ്പോർട്ട്‌ ജനസൗഹൃദമാക്കണമെന്നാണ്‌ ആവശ്യം. കൊട്ടിയൂർ മേഖലയും ഇതേ ആവശ്യമാണ്‌ ഉന്നയിക്കുന്നത്‌.
പരിസ്ഥിതിലോല മേഖലയിലെ ജനവാസ മേഖലകൾ നിർണയിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്‌ധസമിതി നിർദേശത്തിലാണ്‌ സാറ്റലെറ്റ്‌ സർവേ നടത്തി പ്രാഥമിക റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചത്‌. വിദഗ്ധസമിതിയുടെ അന്തിമതീരുമാനം വരുന്നതോടെ ജനവാസമേഖലകൾ സീറോ സോൺ പരിധിയിൽ വരുമെന്നാണ്‌ പ്രതീക്ഷ. ഉപഗ്രഹ സർവേ റിപ്പോർട്ട്‌ ഭാഗമായി ജനവാസ മേഖലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ ബി സന്തോഷ് കുമാർ പറഞ്ഞു. വിദഗ്‌ധ സമിതിയെ സഹായിക്കാൻ ആറളം, കൊട്ടിയൂർ എന്നിവിടങ്ങളിലെ രണ്ട് പേർക്ക് പരിശീലനം നൽകുന്നതായും വൈൽഡ്‌ ലൈഫ്‌ വാർഡൻ അറിയിച്ചു.

Related posts

തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരെ നിയമിച്ചു

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയിൽ ഇന്ന് 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor

ലക്ഷംവീടുകളുടെ വിവരശേഖരണം: വിവരങ്ങൾ നൽകണം

Aswathi Kottiyoor
WordPress Image Lightbox