കണ്ണൂർ : സ്പെഷൽ ക്ലാസുകൾ, ട്യൂഷൻ എന്നിവയ്ക്ക് പോകുന്ന വിദ്യാർഥികളുടെ ബസ് യാത്രാ ഇളവ് സംബന്ധിച്ച് വ്യക്തത വരുത്തി ആർടിഒ ഉത്തരവായി. വീട്ടിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളി ലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രയ്ക്കു മാത്രമേ യാത്രാസൗജന്യം അനുവദിക്കൂ. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിലെ സ്പെഷൽ ക്ലാസുകൾ ഒഴിച്ച് മറ്റു സ്ഥാപനങ്ങളിലേക്കുള്ള സ്പെഷൽ ക്ലാസുകൾക്കും ട്യൂഷനും യാത്രാസൗജന്യം അനുവദിക്കില്ല.
പഠിക്കുന്ന സ്ഥാപനത്തിൽനിന്നും വീട്ടിലേക്കുള്ള റൂട്ടിൽ 40 കിലോമീറ്റർ മാത്രമേ യാത്രാസൗജന്യം അനുവദിക്കൂ. സർക്കാർ സ്കൂളുകൾ, കോളജ്, ഐടിഐ, പോളിടെക്നിക്, സർക്കാർ ഉടമസ്ഥതയിലുള്ള കോ -ഓപ്പറേറ്റീവ് കോളജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡുകളിൽ കൃത്യമായ റൂട്ട് രേഖപ്പെടുത്തണം.
സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർടിഒ/ജോയിന്റ് ആർടിഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ഫുൾടൈം കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ യാത്രാസൗജന്യം അനുവദിക്കൂ. സർക്കാർ ഉത്തരവ് പ്രകാരവും ജില്ലാ സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി തീരുമാന പ്രകാരവും ആർടിഒ/ജോയിന്റ് ആർടിഒയുടെ ഒപ്പോടുകൂടിയ നിയമാനുസൃത കൺസഷൻ കാർഡുകൾ 2022 ഓഗസ്റ്റ് 30 മുതൽ നിർബന്ധമാണ്.
സിറ്റി/ ടൗൺ, ഓർഡിനറി ബസ് സർവീസ്, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് എന്നീ ബസുകളി ലെല്ലാം എല്ലാ ദിവസങ്ങളിലും, അവധി ദിവസങ്ങൾ ഉൾപ്പെടെ യാത്രാസൗജന്യം അനുവദിക്കും. യൂണിഫോം ധാരികളായ സ്കൗട്ടുകൾക്കും എൻസിസി കേഡറ്റുകൾക്കും ശനി, ഞായർ, മറ്റുള്ള അവധിദിവസങ്ങളിൽ പരേഡുകളിൽ പങ്കെടുക്കാൻ പോകുമ്പോൾ യാത്രാസൗജന്യം അനുവദിക്കും.