മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. നവംബറിൽ 97,913 ഉം ഒക്ടോബറിൽ 89,655 യാത്രക്കാരുമാണ് കണ്ണൂർ വിമാനത്താവളം വഴി യാത്രചെയ്തത്. ഓഗസ്റ്റ് മാസത്തിൽ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരുന്നു.1,11,692 പേരാണ് ഓഗസ്റ്റിൽ യാത്ര ചെയ്തത്. സെപ്റ്റംബറിൽ യാത്രക്കാരുടെ എണ്ണം 96,673 ആയി കുറഞ്ഞു.
ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ കാര്യമായ കുറവുള്ളത്. ഓഗസ്റ്റ് മാസം 37,322 യാത്രക്കാർ ഉണ്ടായിരുന്നത് സെപ്റ്റംബറിൽ 34,016 ആയും ഒക്ടോബറിൽ 28,022 ആയും കുറഞ്ഞു. നവംബറിൽ 8528 യാത്രക്കാരുടെ വർധനവാണുണ്ടായത്. കണ്ണൂരിൽനിന്നുള്ള ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ കൂടുതലാണെന്ന പരാതിയുമുണ്ട്. മിക്ക റൂട്ടുകളിലും ഒരു കമ്പനി മാത്രമാണ് സർവീസ് നടത്തുന്നത്.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഒക്ടോബറിൽ മുൻമാസത്തേക്കാൾ 185 പേരുടെ കുറവാണു ള്ളത്. ഈ മാസം ജിദ്ദ, ദുബായ് സെക്ടറുകളിൽ എയർഇന്ത്യ എക്സ്പ്രസ് പുതുതായി സർവീസുകൾ തുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിദ്ദയിലേക്ക് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഒരു മാസത്തേക്ക് സീറ്റുകൾ പൂർണമായും ബുക്കായിരുന്നു.