: കോഴിയിറച്ചിയുടെ വില വർധിക്കുമ്പോൾ കാര്യക്ഷമമായി ഇടപെടാനാകാതെ കെപ്കോ. സർക്കാർ നിയന്ത്രണത്തിലുള്ള സംരംഭമായിട്ടും വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാനാവുന്നവിധം പ്രവർത്തിക്കാൻ കെപ്കോക്ക് കഴിയാത്ത സ്ഥിതിയാണ്. കെപ്കോയുടെ കീഴിലുള്ള കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഇറച്ചിക്കോഴികളില്ല. ഇറച്ചിക്ക് പാകമായി വരുന്നതടക്കം 24000 കോഴികള്‍ക്ക് താഴെയാണ് ഇപ്പോഴുള്ളത്. ഈ നിലയിൽ പോയാൽ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ കാലയളവിലെ വിപണിയിൽ കോഴി വിൽപന പരിമിതമാവും.
കെപ്കോ നിയന്ത്രണത്തിലുള്ള കോഴിക്കുഞ്ഞ് ഉൽപാദന കേന്ദ്രങ്ങളില്‍ ഉൽപാദനം കുറച്ചതാണ് ഇറച്ചിക്കോഴികളുടെ കുറവിന് കാരണം. ആഘോഷ സീസണുകളിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്വകാര്യ ലോബികള്‍ക്ക് കോഴികള്‍ വില കൂട്ടി വില്ക്കാന് അവസരമൊരുക്കാനാണ് ഉൽപാദനം കുറക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഉൽപാദനം കുറഞ്ഞുവെന്നതിന്റെ മറവില്‍ സ്വകാര്യലോബികളില്നിന്നും വലിയ വില കൊടുത്ത് ഇറച്ചിക്കോഴികളെ വാങ്ങി അതില്‍നിന്നും കമീഷൻ നേടാനുള്ള ശ്രമവും ചിലർ നടത്തുന്നുവെന്നും പരാതി നിലനിൽക്കുന്നു. എന്നാൽ പുറത്തുനിന്നുള്ള കോഴികൾ വിൽപനക്ക് എടുക്കുന്നില്ലെന്നാണ് കെപ്കോ വിശദീകരണം
ഇന്റഗ്രേഷന്‍, കോണ്‍ട്രാക്ട് ഫാമിങ് പദ്ധതികള്‍ പൊളിഞ്ഞു
കെപ്കോ രൂപവത്കൃതമായ 1989 മുതല്‍ ഇന്റഗ്രേഷന്‍ പദ്ധതിയിലൂടെയാണ് കര്‍ഷകര്‍ക്ക് ഇറച്ചിക്കോഴി, മുട്ടക്കോഴിക്കുഞ്ഞുങ്ങളെ തീറ്റയുള്‍പ്പെടെ നല്‍കിയിരുന്നത്. കുടപ്പനക്കുന്ന്, കൊട്ടിയം, മാള എന്നിവിടങ്ങളിലായിരുന്നു കോഴിക്കുഞ്ഞുങ്ങളുടെ ഉൽപാദന കേന്ദ്രങ്ങള്‍. ഇങ്ങനെ വളര്‍ത്തുന്നവയെ കര്‍ഷകര്‍ക്ക് നോട്ടക്കൂലി നല്കി കോര്പറേഷന് ഏറ്റെടുത്ത് വില്പന നടത്തുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള കുടപ്പനക്കുന്നിലും കൊട്ടിയത്തും തീറ്റ ഉൽപാദനവും കോഴിക്കുഞ്ഞ് ഉൽപാദനവും നിർത്തി. ഇേതാടെ കോര്‍പറേഷനില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തിയിരുന്ന ചെറുകിട കര്‍ഷകർ പ്രതിസന്ധിയിലായി.
തുടർന്ന് കോഴി കര്‍ഷകരുടെ ഉന്നമനം ചൂണ്ടിക്കാട്ടി കോണ്‍ട്രാക്ട് ഫാമിങ് പദ്ധതി നടപ്പാക്കി. പരമാവധി 2000 സ്ക്വയര്‍ ഫീറ്റ് സ്ഥലമുള്ള കോഴി കര്‍ഷകരെയും കുടുംബശ്രീക്കാരെയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. കോര്പറേഷന് കോഴിക്കുഞ്ഞുങ്ങളും തീറ്റയും ഇല്ലാത്തതുകൊണ്ട് കര്‍ഷകര്‍ ഇവ മറ്റിടങ്ങളില്‍നിന്ന് വാങ്ങി വളര്‍ത്തി കോര്പറേഷന് നല്‍കുന്നതായിരുന്നു പദ്ധതി. എന്നാല്‍ ഇതും വിജയിച്ചില്ല. കോഴികളെ വാങ്ങുന്നതിലൂടെ കര്‍ഷകര്‍ക്ക് നല്‍കേണ്ട തുകയിനത്തില്‍ കോര്പറേഷന് കുടിശ്ശിക വരുത്തിയതോടെ കര്‍ഷകര്‍ പദ്ധതിയില്‍നിന്ന് പിന്‍വലിയുകയാണുണ്ടായത്. കെപ്കോയുടെ കരാറുകള്‍ സ്വകാര്യലോബികള്‍ക്ക് എത്തിക്കാനുള്ള ആസൂത്രിതനീക്കമാണ് ഇതിനുപിന്നിൽ.
ഫാമുകള്‍ പൂട്ടി
ഇന്റഗ്രേഷൻ പദ്ധതി പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലായി നൂറോളം ഫാമുകളാണ് കെപ്കോക്കുണ്ടായിരുന്നത്. ഇപ്പോൾ കൊല്ലത്ത് മൂന്നോ നാലോ ഫാമുകള്‍ മാത്രമാണുള്ളത്. ഈ ഫാമുകളില്‍ പദ്ധതികള്‍ക്കാവശ്യമായ കോഴിക്കുഞ്ഞുങ്ങളുടെ ഉൽപാദനവുമില്ല. ഇത് കാരണം ഇറച്ചിക്കോഴികള്‍ക്ക് പുറമെ മുട്ടക്കോഴിക്കുഞ്ഞുങ്ങളും സ്വകാര്യ മേഖലയിൽനിന്ന് വാങ്ങുന്ന അവസ്ഥയാണ്.
പൊതുവിപണിയില്‍ വില കുതിക്കുന്നു
പൊതുവിപണിയില്‍ സാധാരണ ശബരിമല സീസണ് തുടങ്ങുന്ന സമയത്ത് ഇറച്ചിക്കോഴിവില 100ല്‍ നില്‍ക്കാറാണ് പതിവ്; എന്നാല്‍ ഇത്തവണ കിലോ 140 മുതല്‍ 150 രൂപവരെയായി. ക്രിസ്മസ്, പുതവത്സര സീസണ് കൂടി എത്തുന്നതോടെ വില ഇനിയും കുത്തനെ ഉയരും. തീറ്റ വില കൂടിയതാണ് കോഴി വില ഉയരാന്‍ കാരണം.
കോഴിവില തോന്നുംപടി ഉയര്‍ത്തുന്നതിന് തടയിടാന്‍ സര്‍ക്കാറിന് കഴിയുന്നുമില്ല. മുമ്പ് ജി.എസ്.ടി നടപ്പാക്കിയിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടാണ് ഇറച്ചികോഴി വില നിയന്ത്രിച്ചിരുന്നുന്നത്.
ഇറച്ചിക്കോഴികള്‍ എത്തുന്നു, തമിഴ്നാട്ടില്‍നിന്ന്
സ്വകാര്യ ലോബികളില്‍നിന്ന് ഇറച്ചിക്കോഴികള്‍ വാങ്ങി കെപ്കോയുടെ പേരില്‍ വില്പന നടത്തുകയാണ്. അങ്കമാലിയിലെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ തമിഴ്നാട്ടിലെ കോഴി വളര്‍ത്തല്‍ ഫാമില്‍നിന്ന് ഇറച്ചിക്കോഴികളെ പേട്ടയിലെത്തിച്ച് കെപ്കോയുടെ ഇറച്ചക്കോഴികളാണെന്ന് പറഞ്ഞ് വില്പന നടത്തിയിരുന്നതായി ജീവനക്കാര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഇന്റഗ്രേഷന്‍ ഫാമുകളിലും കുടുംബശ്രീ യൂനിറ്റുകൾ വഴിയും നാടന്‍ തീറ്റ നല്കി ശാസ്ത്രീയമായി വളര്‍ത്തിയ കോഴികളാണ് കെപ്കോയുടേതെന്നാണ് വാദം. എന്നാല്‍ സ്വകാര്യ ലോബികളിൽനിന്ന് കോഴികള്‍ രഹസ്യമായി വാങ്ങിയാണ് വില്പനയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംസ്ഥാനത്തെ ചെറുകിട കര്‍ഷകരിലൂടെ വളര്‍ത്തിയെടുക്കുന്ന കോഴികളെ ഇറച്ചിയാക്കി കിലോക്ക് 230 രൂപക്കാണ് വിറ്റിരുന്നത്. ഇതേ വിലയ്ക്കാണ് തമിഴ്നാട്ടില്‍ നിന്നെത്തെിച്ച കോഴിയും വില്പന നടത്തുന്നത്.
മുട്ടക്കോഴി പദ്ധതികളിലും അട്ടിമറി
നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ സ്വയംതൊഴിലെന്ന ക്രമത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് സ്വകാര്യ കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ആശ്രയ, വനിത മിത്രം, കൂടും കോഴിയും, വിദ്യാർഥികള്‍ക്കായി കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ് എന്നിങ്ങനെയുള്ള പദ്ധതികളാണ് മുട്ടക്കോഴി വളര്‍ത്തലിന്റെ ഭാഗമായി കെപ്കോ നടപ്പാക്കിവരുന്നത്. നാല്പത് മുതല്‍ നാല്പത്തിയഞ്ച് ദിവസം പ്രായംവരുന്ന കോഴിക്കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്ക് നല്‍കിയശേഷം അവര്‍ക്ക് മുട്ട ഉൽപാദിപ്പിച്ച് വിറ്റഴിച്ച് വരുമാനം നേടുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ ഇനത്തിൽപെട്ട കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കുന്നത്. ഇതിലൂടെ കോഴി കര്ഷകരംഗത്തേക്ക് വരുന്നവര്‍ക്ക് തുശ്ചമായ തുക മാത്രമാണ് ചെലവ്. സര്‍ക്കാര്‍ ഫണ്ടാണ് പദ്ധതികളില്‍ മുഖ്യമായും വിനിയോഗിക്കപ്പെടുന്നത്. ഇതും കാര്യക്ഷമമായി നടപ്പാക്കാനാവുന്നില്ല.