28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • നാലേമുക്കാൽ വർഷത്തിനിടെ സംസ്ഥാനത്തെ ഊർജ മേഖലയിലുണ്ടായത് വലിയ കുതിച്ചുചാട്ടം : മുഖ്യമന്ത്രി
Kerala

നാലേമുക്കാൽ വർഷത്തിനിടെ സംസ്ഥാനത്തെ ഊർജ മേഖലയിലുണ്ടായത് വലിയ കുതിച്ചുചാട്ടം : മുഖ്യമന്ത്രി

കഴിഞ്ഞ നാലേമുക്കാൽ വർഷത്തിനിടെ സംസ്ഥാനത്തെ ഊർജ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃത്യമായ ഇടപെടലുകളിലൂടെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിനു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. പുഗലൂർ – തൃശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, കാസർകോട്ടെ 50 മെഗാവാട്ട് സോളാർ പദ്ധതി, അരുവിക്കരയിലെ 75 എംഎൽഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടന ചടങ്ങിലും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു സ്ഥാപിക്കുന്ന സംയോജിത നിർദേശക – നിയന്ത്രണ കേന്ദ്രത്തിന്റെയും 37 കിലോമീറ്റർ നഗര റോഡുകളെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെയും ശിലാസ്ഥാപന ചടങ്ങിലും പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുഗലൂർ – തൃശൂർ ഹൈവോൾട്ടേജ് ട്രാൻസ്മിഷൻ പദ്ധതിയുടെ ഭാഗമായി 2000 മെഗാവാട്ട് പദ്ധതി 2017ലാണു നിർമാണം തുടങ്ങിയത്. പദ്ധതിയുടെ പേരിൽ നഷ്ടമുണ്ടായവർക്കു കൃത്യമായ നഷ്ടപരിഹാരം നൽകി. അധിക ബാധ്യത സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും ഏറ്റെടുത്തു. പ്രാദേശിക പ്രശ്നങ്ങൾക്കു കളക്ടർമാരുടെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തി. ഈ രീതിയിലാണ് 4000 കോടിയോളം നിർമാണച്ചെലവുള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയത്. കാസർകോഡ് സോളാർ പാർക്കിൽ 50 മെഗാവാട്ട് വൈദ്യുതി ശേഷി 2018ൽ പൂർത്തിയാക്കിയിരുന്നു. പടിപടിയായി 50 മെഗാവാട്ട് നിലയംകൂടി പൂർത്തിയാക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അരുവിക്കരയിൽ ജലശുദ്ധീകരണശാല പ്രവർത്തന സജ്ജമാകുന്നതോടെ തിരുവനന്തപുരത്തെ 10 ലക്ഷത്തോളം ആളുകൾക്ക് ഇപ്പോഴുള്ള പ്രതിദിന ജലലഭ്യത 100 ലിറ്ററിൽനിന്നു 150 ലിറ്ററായി ഉയർത്താനാകും. 13 ലക്ഷം കുടിവെള്ള കണക്ഷനുകൾ ഈ സർക്കാരിന്റെ കാലയളവിൽ നൽകാൻ കഴിഞ്ഞു. 21,42,000 ഗ്രാമീണ കുടുംബങ്ങൾക്കു പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതിക്കു തുടക്കംകുറിച്ചിരിക്കുകയാണ്.
തിരുവനന്തപുരം സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി കോർപ്പറേഷനും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചേർന്ന് 1135 കോടി രൂപയുടെ പ്രവർത്തനങ്ങളാണു നടപ്പാക്കുന്നത്. ഇതിൽ 94 കോടി രൂപ ചെലവിലാണ് ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ യാഥാർഥ്യമാക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ 37 കിലോമീറ്റർ റോഡ് 427 കോടി രൂപ ചെലവിട്ട് സ്മാർട്ട് റോഡുകളാക്കും. നടപ്പാതയും സൈക്കിൾ ട്രാക്കുമൊക്കെ ഉൾക്കൊള്ളിച്ച് റോഡുകൾ കൂടുതൽ സൗകര്യമുള്ളതാക്കാനും സിസിടിവികൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുമാണു ലക്ഷ്യമിടുന്നത്. വൈദ്യുതി, കുടിവെള്ളം, ഗതാഗതം, സർക്കാർ സേവനങ്ങൾ, അധികാര വികേന്ദ്രീകരണം തുടങ്ങി നിരവധി മേഖലകളിൽ ഗുണകരമായ മാറ്റമുണ്ടാക്കാൻ കഴിയുന്നതാണ് ഈ പദ്ധതികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ഇന്ത്യ ഫസ്റ്റ് സ്‌റ്റാർട്ടപ് മീറ്റ്‌ ; വിജയത്തിളക്കത്തിൽ കേരളം

Aswathi Kottiyoor

ഫയൽ തീർപ്പ് വേഗത്തിലാക്കും; സേവനത്തിന്റെ ഗുണനിലവാരം ഉയർത്താനൊരുങ്ങി വ്യവസായ വകുപ്പ്

Aswathi Kottiyoor

വെ​യ​ർ​ഹൗ​സ് മാ​ർ​ജി​ൻ കു​റ​യ്ക്കു​ന്ന​തി​ൽ ധാ​ര​ണ​യാ​യി​ല്ല; ബാ​റു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കും

Aswathi Kottiyoor
WordPress Image Lightbox