കണ്ണൂർ: കണ്ണൂരിനെ ഇലക്ട്രോണിക് കംപോണന്റുകളുടെ ഹബ്ബാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ധർമശാലയിൽ കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ (കെസിസിഎൽ) എംപിപി റെക്ടാംഗുലർ കപ്പാസിറ്റർ കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിലവിൽ പാസീവ് കംപോണന്റുകളാണ് കെസിസിഎൽ ഉത്പാദിപ്പിക്കുന്നത്. ആക്ടീവ് കംപോണന്റുകൾ കൂടി ഉത്പാദിപ്പിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹബ്ബായി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
2023 ഏപ്രിലോടെ കെസിസിഎൽ ഉത്പാദിപ്പിക്കുന്ന സൂപ്പർ കപ്പാസിറ്ററുകളുടെ നിർമാണം പൂർത്തീകരിക്കും. ആയിരം കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമാക്കി കെൽട്രോണിനെ ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ 120 പേരെ കെൽട്രോണിൽ റിക്രൂട്ട് ചെയ്തു. കണ്ണൂർ കെൽട്രോണിലെ 60 ഓളം ഒഴിവുകൾ മൂന്ന് മാസത്തിനകം നികത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ അഭിമാനമായ കെൽട്രോൺ അടുത്ത വർഷം സുവർണ ജൂബിലിയിലേക്ക് കടക്കുകയാണ്. ചരിത്രമോർക്കുന്ന കുതിപ്പിന്റെ വർഷമായി ഇതിനെ മാറ്റും. ഓരോ മാസവും ഓരോ പുതിയ ഉത്പന്നം നിർമിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. എല്ലാ സ്ഥാപനങ്ങളും ലാഭകരമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
സിലിണ്ട്രിക്കൽ ആകൃതിയിലുള്ള കപ്പാസിറ്ററുകളിൽനിന്നും മാറി ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെസിസിഎൽ പുതുതായി നിർമിച്ച മോട്ടോർ റൺ റെക്ടാംഗുലാർ കപ്പാസിറ്ററുകൾ മന്ത്രി പുറത്തിറക്കി. ചതുരാകൃതിയിലുള്ള ഇത്തരം ചെറിയ കപ്പാസിറ്ററുകളുടെ നിർമാണത്തിനായി രണ്ടു കോടി രൂപ ചെലവിലാണ് ഉത്പാദന കേന്ദ്രം നിർമിച്ചത്.11 മെഷീനുകൾ ഇവിടെ പുതുതായി സ്ഥാപിച്ചു. ഒരു കോടി രൂപ ചെലവിൽ വിപുലീകരിച്ച ഇലക്ട്രോ ലൈറ്റിക് കപ്പാസിറ്റർ കേന്ദ്രവും 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച വെയർഹൗസും മന്ത്രി ഉദ്ഘാടനം ചെയ്തു. 4220 ചതുരശ്ര അടി വിസ്തൃതിയിലാണ് വെയർഹൗസ് കെട്ടിടം നിർമിച്ചത്.
ഒരു വർഷത്തെ അന്തർസംസ്ഥാന അന്വേഷണഫലമായി കെൽട്രോണിന്റെ വ്യാജ കപ്പാസിറ്ററുകൾ നിർമിക്കുന്ന ഡൽഹിയിലെ ഫാക്ടറി റെയ്ഡ് ചെയ്ത് പൂട്ടിച്ച കണ്ണപുരം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ.അനിൽകുമാർ, പി.രമേശൻ (ജിഎസ്ഐ), എൻ.മനേഷ് (ജിഎഎസ്ഐ), കെ.കെ. സജേഷ് (ജിഎസ് സിപിഒ) എന്നിവരടങ്ങുന്ന പോലീസ് സംഘത്തെ മന്ത്രി ആദരിച്ചു. കെൽട്രോൺ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം.വിജിൻ എംഎൽഎ അധ്യഷത വഹിച്ചു.