കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നതിനിടെ വാട്ട്സ് ആപ്പിന്റെ പേരിൽ പുതിയ തട്ടിപ്പുമായി ഓൺലൈൻ മാഫിയ. ഇന്ത്യ, നേപ്പാൾ, ദുബായ് ഉൾപ്പെടെയുള്ള അഞ്ചു രാജ്യങ്ങളിലെ വാട്ട്സ് ആപ്പ് ഉപയോക്താക്കളുടെ നന്പറുകളുടെ നറുക്കെടുപ്പിൽ ഇന്ത്യയിൽനിന്നുള്ള ഭാഗ്യവാനായി താങ്കൾ തെരഞ്ഞെടുക്കപ്പെട്ടുവെന്നു കാണിച്ചാണ് തട്ടിപ്പ്. കോൻ ബനേഗാ ക്രോർപതി ഇന്ത്യ സിം കാർഡ് ലക്കി ഡ്രോ കോംപറ്റീഷനിൽ നിങ്ങൾ 25 ലക്ഷത്തിന് അർഹനായെന്ന് കാണിക്കുന്ന അമിതാബ് ബച്ചന്റെ ചിത്രത്തോടുകൂടിയുള്ള കാർഡ് വാട്സ് ആപ്പുകളിൽ അയയ്ക്കുന്നതിനൊപ്പം ശബ്ദസന്ദേശവും അയച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. കോൻബനേഗാ ക്രോർപതിയുടെ പേരിലാണ് കാർഡ്. കാർഡിൽ ലോട്ടറി നന്പറും വാട്സ് ആപ്പിൽ ബന്ധപ്പെടേണ്ട ഫോൺ നന്പറും നൽകിയിട്ടുണ്ട്.
ശബ്ദസന്ദേശത്തിൽ ലോട്ടറി എസ്ബിഐ മുംബൈയിലാണുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് കാർഡിൽ നൽകിയിട്ടുള്ള വാട്ട്സ് ആപ്പ് നന്പറിൽ ബന്ധപ്പെടണമെന്നുമാണ് നിർദേശം. എത്രയും പെട്ടെന്ന് കാർഡിൽ കാണിച്ച നന്പർ ഫോണിൽ സേവ് ചെയ്ത് വാട്സ് ആപ്പ് കോളിലൂടെ ബന്ധപ്പെട്ടാൽ വിശദവിവരങ്ങൾ നൽകാമെന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.
എന്നാൽ ഇത്തരമൊരു നറുക്കെടുപ്പിനെക്കുറിച്ചോ ലോട്ടറിയെക്കുറിച്ചോ അറിയില്ലെന്ന് എസ്ബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സൈബർ സെല്ലിന്റെ സഹായത്തോടെ വാട്സ് ആപ്പിലേക്ക് സന്ദേശമയച്ച ആളെ തെരഞ്ഞപ്പോൾ രാജസ്ഥാനിൽനിന്നുള്ള മുകേഷ് കരാൾ എന്നയാളാണ് ഈ സന്ദേശം വ്യാപകമായി അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർഡിൽ പറയുന്ന വാട്സ് ആപ്പ് നന്പർ ഫോണിൽ സേവ് ചെയ്ത് ഇതിലേക്ക് കോൾ ചെയ്താൽ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ളവ ചോർത്തി പണം തട്ടാൻ സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും സൈബർ സെൽ അധികൃതർ അറിയിച്ചു.