27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗാർഹിക, കാർഷിക വൈദ്യുതി നിരക്ക് വർധനയ്ക്കു സാധ്യത; വൻകിടക്കാർക്ക് നേരിട്ടു വൈദ്യുതി വാങ്ങാം
Kerala

ഗാർഹിക, കാർഷിക വൈദ്യുതി നിരക്ക് വർധനയ്ക്കു സാധ്യത; വൻകിടക്കാർക്ക് നേരിട്ടു വൈദ്യുതി വാങ്ങാം

വൻകിട ഉപയോക്താക്കൾക്ക് നേരിട്ടു വൈദ്യുതി വാങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഉയരാൻ സാധ്യത. 100 കിലോവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന ആർക്കും പൊതുവിപണിയിൽനിന്നു വൈദ്യുതി വാങ്ങാനാണു കേന്ദ്രം അനുമതി നൽകിയത്. മുൻപ് 1000 കിലോവാട്ട് ഉപയോഗിക്കുന്നവർക്കു മാത്രമായിരുന്നു ഇതിന് അനുമതി. വൻകിട ഉപയോക്താക്കൾ നേരിട്ടു വൈദ്യുതി എത്തിക്കുന്നതോടെ കെഎസ്ഇബിയുടെ ക്രോസ് സബ്സിഡി താളം തെറ്റുമെന്നാണ് ആശങ്ക. വൻകിട ഉപയോക്താക്കൾക്ക് ഉയർന്ന വിലയ്ക്കു വൈദ്യുതി വിറ്റ്, ഗാർഹിക ഉപയോക്താക്കൾക്കും കൃഷിമേഖലയ്ക്കും വിലകുറച്ചു നൽകുന്നതാണ് കെഎസ്ഇബിയുടെ ഇപ്പോഴത്തെ രീതി. വൻകിട ഉപയോക്താക്കൾ സ്വന്തമായി വൈദ്യുതി വാങ്ങുന്നതോടെ ഗാർഹിക, കാർഷിക ഉപയോക്താക്കൾ കൂടിയ വില നൽകേണ്ടി വന്നേക്കും. സോളർ വൈദ്യുതി ഉൽപാദനം കൂടിയതിനാൽ പകൽ സമയങ്ങളിൽ യൂണിറ്റിന് 2–3 രൂപയ്ക്ക് വൈദ്യുതി ലഭ്യമാണ്. ഇതു കേരളത്തിൽ എത്തിക്കാൻ പവർഗ്രിഡ് കോർപറേഷന്റെ ലൈനുകൾ ഉപയോഗിക്കുന്നതിനു ട്രാൻസ്മിഷൻ ചാർജും വീലിങ് ചാർജും നൽകണം.

സംസ്ഥാനത്തേക്കു വൈദ്യുതി എത്തിക്കുമ്പോൾ ക്രോസ് സബ്സിഡി സെസും കെഎസ്ഇബിയുടെ ലൈനുകൾ ഉപയോഗിക്കുന്നതിനുള്ള വീലിങ് ചാർജും വേറെ നൽകണം. ഇവയെല്ലാം കൂട്ടിയാൽ യൂണിറ്റിന് 2.40 രൂപയേ വരൂ. 3 രൂപ നിരക്കിൽ വൈദ്യുതി വാങ്ങിയാൽപോലും സംസ്ഥാനത്ത് അത് 5.40 രൂപയ്ക്ക് എത്തിക്കാം. വൻകിട ഉപയോക്താക്കൾക്ക് കെഎസ്ഇബി ഇപ്പോൾ വൈദ്യുതി നൽകുന്നത് 6.75 – 7.75 രൂപയ്ക്കാണ്. ഫിക്സഡ് ചാർജ് പുറമേ നൽകണം.

ചെറുകിട, ഇടത്തരം വ്യവസായങ്ങളും ഷോപ്പിങ് മാളുകളും വൻ ഷോറൂമ‌ുകളും മറ്റുമാണ് 100 കിലോവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്നത്. സംസ്ഥാന റഗുലേറ്ററി കമ്മിഷന്റെ കൂടി അനുമതി ലഭിച്ചാൽ 100 കിലോവാട്ടിൽ കൂടുതൽ ഉപയോഗമുള്ള ആർക്കും വൈദ്യുതി ലേലം ചെയ്തു കൊണ്ടുവരാം. കേന്ദ്ര നിയമം ആയതിനാൽ റഗുലേറ്ററി കമ്മിഷന് അനുമതി നിഷേധിക്കാനുമാകില്ല.

തീരുമാനം സംസ്ഥാനത്തിന് ദോഷകരമെന്ന് മന്ത്രി

കേന്ദ്ര സർക്കാരിന്റെ തീരുമാനം സംസ്ഥാന വൈദ്യുതി മേഖലയെ തകർക്കുന്നതാണെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. വൈദ്യുതി നിയമ പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്രം മുന്നോട്ടുവച്ചിട്ടുള്ള പല നിർദേശങ്ങളും സ്വീകാര്യമല്ല. വൻകിട ഉപയോക്താക്കൾ ഒന്നടങ്കം പുറത്തുനിന്നു വൈദ്യുതി എത്തിക്കുമെന്നു കരുതുന്നില്ല. എങ്കിലും ഭാവിയിൽ ഇതൊരു പ്രശ്നമായേക്കാം. അതിന് എന്തുചെയ്യണമെന്നു സർക്കാർ ആലോചിക്കും.

Related posts

വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്*

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ കോ​വി​ഡ് ജാ​ഗ്ര​താ നി​ർ​ദേ​ശം

Aswathi Kottiyoor

ഇരിട്ടിയിൽ ജ്വല്ലറിയിൽ മോഷണം

Aswathi Kottiyoor
WordPress Image Lightbox