27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സൈബർ വിവരങ്ങൾ നേരിട്ടു വേണമെന്ന് എക്സൈസ്; പൊലീസ് വഴി മതിയെന്ന് ആഭ്യന്തരവകുപ്പ്
Kerala

സൈബർ വിവരങ്ങൾ നേരിട്ടു വേണമെന്ന് എക്സൈസ്; പൊലീസ് വഴി മതിയെന്ന് ആഭ്യന്തരവകുപ്പ്

കേസന്വേഷണത്തിനു മൊബൈൽ സേവനദാതാക്കളിൽനിന്നു നേരിട്ടു വിവരങ്ങൾ തേടുന്നതിന് എക്സൈസിനു വിലക്കുമായി ആഭ്യന്തര വകുപ്പ്. ലൈവ് ലൊക്കേഷനും കോൾ ഡേറ്റ റെക്കോർഡും ഉൾപ്പെടെ കേസന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ മൊബൈൽ സേവനദാതാവിൽനിന്നു നേരിട്ടു ലഭിക്കണമെന്ന എക്സൈസിന്റെ ആവശ്യം വീണ്ടും നിരസിച്ചു. ഇതോടെ അനുമതി തേടി എക്സൈസ് വകുപ്പ് നേരിട്ടു മുഖ്യമന്ത്രിയെ സമീപിച്ചു.

പൊലീസിന്റെ മാതൃകയിൽ, എക്സൈസ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ഇ മെയിലിൽ നിന്നു കേസിന്റെ പ്രാഥമിക വിവരങ്ങൾ സഹിതം അപേക്ഷ നൽകിയാൽ സേവനദാതാവ് അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് എക്സൈസിന്റെ ആവശ്യം. സൈബർ അന്വേഷണത്തിനായി സെക്യൂരിറ്റി മോണിറ്ററിങ് ആൻഡ് അനാലിസിസ് വിങ് എക്സൈസ് ആസ്ഥാനത്തും 2 ഉദ്യോഗസ്ഥർ അടങ്ങിയ സൈബർ സെൽ ജില്ലകളിലുമുണ്ട്. പരിശീലനം നേടിയ നാനൂറോളം ഉദ്യോഗസ്ഥർ സേനയിലാകെയുണ്ട്. എന്നാൽ അടിസ്ഥാന വിവരശേഖരണം പോലും ഇവർക്കു സ്വന്തം നിലയ്ക്കു സാധ്യമല്ല.

ലഹരിക്കടത്തു വാഹനത്തെക്കുറിച്ചു വിവരം ലഭിച്ചാൽ, അത് എവിടേക്കാണു സഞ്ചരിക്കുന്നതെന്നു യാത്രക്കാരന്റെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തി പിടികൂടാൻ കഴിയില്ല. പ്രതിയുടെയോ, സംശയിക്കുന്നയാളുടെയോ ഫോൺ കോൾ വിശദാംശങ്ങൾ (സിഡിആർ) വഴി ലഹരിക്കടത്തു കണ്ണികളിലേക്ക് എത്താനുമാകില്ല. രണ്ടിനും പൊലീസിനെ ആശ്രയിക്കണം. പൊലീസിൽ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാ‍ൽ സേവനദാതാക്കൾ വിവരങ്ങൾ നൽകണം. എന്നാൽ എക്സൈസിന് പൊലീസിലെ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ വഴി സേവനദാതാവിനോട് ആവശ്യപ്പെടണം. അന്വേഷണവുമായി പ്രതിക്കു തൊട്ടുപിന്നിൽ നിൽക്കുമ്പോൾ ഇതിനായി ഇ മെയിൽ അയയ്ക്കാനും എസ്പിയിൽ നിർബന്ധം ചെലുത്താനും എപ്പോഴും കഴിയണമെന്നില്ല. താമസം വരുന്നതുവഴി പ്രതി രക്ഷപ്പെടാം.

കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണു സേവനദാതാക്കൾ അന്വേഷണ ഏജൻസികൾക്കു വിവരങ്ങൾ നൽകുന്നത്. കേരളത്തിൽ പൊലീസാണു പട്ടികയിലുള്ളത്. അന്വേഷണ ഏജൻസികളെല്ലാം ആഭ്യന്തരവകുപ്പിനു കീഴിലായതിനാൽ മറ്റു സംസ്ഥാനങ്ങളി‍ൽ ഇതു പ്രശ്നമല്ല. അവിടെയെല്ലാം എക്സൈസ് വകുപ്പ് നികുതി പിരിവിനാണു പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ കേരളത്തിൽ ലഹരി പിടിക്കുകയും കേസുകൾ അന്വേഷിക്കുകയും ചെയ്യുന്നു. ആഭ്യന്തര വകുപ്പിനു കീഴിലുമല്ല. എക്സൈസിന് അനുമതി നൽകുന്ന കാര്യം കേരളത്തിലെ ആഭ്യന്തര വകുപ്പിനു പരിഹരിക്കാവുന്നതേയുള്ളൂ എന്ന നിലപാടാണു കേന്ദ്ര ഐടി മന്ത്രാലയത്തിന്. എന്നാൽ ഇവിടെ പൊലീസിന് അനുമതി നൽകിയിട്ടുണ്ടെന്നും മറ്റ് ഏജൻസികൾക്ക് ആവശ്യമില്ലെന്നുമാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.

Related posts

കരിപ്പൂര്‍ വിമാനാപകടം; ചികിത്സാ സഹായം നല്‍കുന്നത് അവസാനിപ്പിച്ച്‌ എയര്‍ ഇന്ത്യ

Aswathi Kottiyoor

തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം; പ്രധാനമന്ത്രിക്ക് കത്തയച്ചു

Aswathi Kottiyoor

ബാബുവിന് വെള്ളം എത്തിച്ചു; ദൗത്യസംഘം തൊട്ടരികെ

Aswathi Kottiyoor
WordPress Image Lightbox