കൊട്ടിയൂർ: കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി സംരക്ഷണ പട്ടികയിൽ കൊട്ടിയൂരിനെ ഉൾപ്പെടുത്തിയതിനെതിരേ കുടിയേറ്റ ജനത നടത്തിയ പ്രക്ഷോഭ സമരത്തിന് ഒൻപത് വയസ്. 2013 നവംബർ 14 ന് കൊട്ടിയൂർ പൊട്ടൻതോട്ടിൽ ആരംഭിച്ച പ്രക്ഷോഭമാണ് ഒരാഴ്ചക്കാലം നീറിപ്പുകഞ്ഞത്. അന്നത്തെ സമരവുമായി ബന്ധപ്പെട്ട് നാല് കേസുകളിലായി 73 പേരാണ് ഇന്നും നിയമ പേരാട്ടം നടത്തുന്നത്.
ചുങ്കക്കുന്നിനടുത്ത മാടത്തിൻകാവിൽ വനത്തോടുചേർന്ന സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്നും മണ്ണ് ശേഖരിക്കുകയും മരങ്ങളുടെ എണ്ണമെടുക്കുകയും ചെയ്ത ബംഗളൂരുവിൽ നിന്നെത്തിയ വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മിനിസ്ട്രി ഓഫ് എൻവയോൺമെന്റ് ആൻഡ് ഫോറസ്റ്റിന്റെ ബംഗളൂരുവിൽനിന്നുള്ള അഞ്ചംഗ സംഘത്തെയാണ് തടഞ്ഞത്.
തുടർന്ന് പ്രതിഷേധം ആളിപ്പടരുകയായിരുന്നു. ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും ജനം മുട്ടുമടക്കിയില്ല. സമവായ ചർച്ചയുടെ ഭാഗമായി കൊട്ടിയൂർ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കേസെടുക്കില്ലെന്ന് കളക്ടറും ജില്ലാ പോലീസ് മേധാവിയും ഉറപ്പു നൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് പിന്നീട് അധികൃതർ തെറ്റിച്ചു. 2013 നവംബർ 14 നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് പ്രകാരം കരടുവിജ്ഞാപനം പുറപ്പെടുവിച്ചത്.
അന്നത്തെ അക്രമവുമായി ബന്ധപ്പെട്ട് ആദ്യഘട്ട ത്തിൽ 1500 ഓളം പേർക്കെതിരേ കേസെടുത്തിരുന്നു. പിന്നീടത് 250 പേർക്കെതിരേയായി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയാണുണ്ടായത്. ആ സമയത്ത് നിരവധി പേർ അറസ്റ്റിലാകുകയും പോലീസ് നടപടി ഭയന്ന് കൂടുതൽ പേർ കീഴടങ്ങുകയും ചെയ്തിരുന്നു.
നൂറോളം പേർ ഒരു മാസത്തിലേറെ ജയിൽവാസമനുഭവിച്ചു.അക്രമത്തിൽ ഒന്നരക്കോടി രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട് നൽകിയെങ്കിലും പിന്നിടു കോടതിയിലെ ത്തിയ കുറ്റപത്രത്തിൽ അതു 37 ലക്ഷമായി.12 കേസുകളിലായി 302 പ്രതികൾ ഉണ്ടായിരുന്നു. അതിൽ ഏഴു കേസുകൾ പിൻവലിച്ചു. നിലവിൽ നാല് കേസുകളിലായി 73 പേരാണ് നിയമ പേരാട്ടം നടത്തുന്നത്.
പൊട്ടംതോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞത്, കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസ് നശിപ്പിച്ചത്, അമ്പായത്തോട് വന സംരക്ഷണ സമിതി ഓഫീസ് ആക്രമണം, പാൽച്ചുരം ഫോറസ്റ്റ് ഓഫീസ് നശിപ്പിച്ചത് തുടങ്ങിയ നാല് കേസുകളാണ് നിലവിലുള്ളത്.
2013 ൽ തുടങ്ങിയ കേസുകൾ ഇന്നും നിലനിൽക്കുന്നുണ്ടെന്നും യഥാർഥ പ്രതികളെ കണ്ടെത്താനാകാതെ നിരപരാധികളാണ് ഇന്നും കേസിൽപ്പെട്ടതെന്നും കൊട്ടിയൂർ സംരക്ഷണ സമിതി സെക്രട്ടറി ജിൽസ് എം. മേക്കൽ, വൈസ് ചെയർമാൻ പി.സി. രാമകൃഷ്ണൻ, സി.എ. രാജപ്പൻ എന്നിവർ പറഞ്ഞു.
കസ്തൂരിരംഗൻ വിരുദ്ധകലാപത്തിന് ഒൻപത് വർഷം പൂർത്തിയാകുമ്പോഴും കേസുകളിൽപ്പെട്ട് നിരവധി ആളുകൾ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്. കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരേ കേരളത്തിലെ കത്തുന്ന പ്രക്ഷോഭമായിരുന്നു കുടിയേറ്റ ജനതയുടെ കൊട്ടിയൂർ കർഷക പ്രക്ഷോഭം.