23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ചരിത്രത്തെ മാറ്റിമറിച്ച പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ 45-ാം ചരമവാര്‍ഷികം
Kerala

ചരിത്രത്തെ മാറ്റിമറിച്ച പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ 45-ാം ചരമവാര്‍ഷികം

കേരളത്തിന്റെ മുൻ വിദ്യാഭ്യാസ മന്ത്രിയും എഴുത്തുകാരനും നിരൂപകനും പ്രഭാഷകനുമായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി. മുമ്പേ പോയവരുടെ ജീവിതങ്ങളെ ഉൾക്കൊണ്ട് അതിൽ തിരുത്തലുകൾക്കിടം തിരഞ്ഞാണ് അദ്ദേഹം കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയത്. വിദ്യാഭ്യാസം നേടുക എന്നത് പാവപ്പെട്ടവന്റെ ധിക്കാരമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത് ധിക്കാരിയാവാൻ ഇറങ്ങിത്തിരിച്ച ഒരു വിദ്യാർത്ഥി. പഠനത്തിന്റെ ഓരോ നാളിലും ഓരോഘട്ടത്തിലും വിദ്യാഭ്യാസം അർഹതപ്പെട്ടവർക്ക് പണം മാനദണ്ഡമാകാതെ ലഭ്യമാകണമെന്ന ബോധ്യമാണ് അദ്ദേഹത്തെ നയിച്ചത്.

പഠിക്കാൻ പൈസയില്ലാതെ അധ്യാപകന്റെ സഹായംകൊണ്ടു മാത്രം സ്കൂളിൽപോയ വിദ്യാർഥിയായിരുന്നു കുഞ്ഞു ജോസഫ്. ആ ദിനങ്ങളെ കളിയാക്കിയ സമ്പന്നന്റെ നേർക്ക് തിരിഞ്ഞുനിന്ന് മറുപടി പറയാൻ കഴിയാതിരുന്നതിലുള്ള സങ്കടം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസാഹചര്യമുണ്ടാക്കി നൽകുന്നതിലൂടെ പരിഹരിക്കാമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

പിന്നീട് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി അദ്ദേഹം കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കപ്പെടുക. ഇന്നിപ്പോൾ ഉയർന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസ സാഹചര്യവുമെല്ലാം ചർച്ചയാകുമ്പോൾ അതിന്റെയെല്ലാം അടിത്തറ മുണ്ടശ്ശേരിയും ഇ.എം.എസ് സർക്കാരും കെട്ടിപ്പൊക്കിയ വിദ്യാഭ്യാസ ബില്ലാണെന്നത് മറക്കാനാകാത്ത വസ്തുത.

ജോസഫ് മുണ്ടശ്ശേരിയും കേസരി ബാലകൃഷ്ണപിള്ളയും എം.പി.പോളുമായിരുന്നു മലയാളത്തിലെ പ്രശസ്തമായ സാഹിത്യവിമർശകത്രയം. 1940കളിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം അതിന്റെ സ്ഥാപനത്തിനും നിലനിൽപ്പിനും മുണ്ടശ്ശേരിയോട് കടപ്പെട്ടിരിക്കുന്നു. പൗരസ്ത്യകാവ്യമീമാംസയും പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സൗന്ദര്യചിന്തയിൽ സ്വാധീനം ചെലുത്തി. കേരള സാഹിത്യ അക്കാദമി ആസ്ഥാനം തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് മാറ്റി സ്ഥാപിച്ചതിനും കേരള സംഗീത നാടക അക്കാദമിക്ക് തൃശ്ശൂരിൽ ആസ്ഥാനമൊരുക്കിയതിനും പിന്നിൽ ജോസഫ് മുണ്ടശ്ശേരിയുടെ നിരന്തര പരിശ്രമമുണ്ട്. 1903 ജൂലൈ 17-ന് തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ കുഞ്ഞുവറീതിന്റെയും ഇളച്ചിയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പിന്നീട് സംസ്‌കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കോളജില്‍ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂര്‍ അധ്യാപക പരിശീലന കേന്ദ്രത്തില്‍ വിശിഷ്ട പ്രധാനാധ്യാപകനായും കേരള സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല എന്നിവയില്‍ സെനറ്റ് അംഗമായും മദ്രാസ് ഗവര്‍ണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊച്ചി പ്രജാമണ്ഡലം വഴിയാണ് മുണ്ടശ്ശേരി രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. 1954-ല്‍ ചേര്‍പ്പില്‍ നിന്ന് തിരുകൊച്ചി നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1956-ലെ കേരള സംസ്ഥാന പിറവിക്കു ശേഷം അദ്ദേഹം 1957-ല്‍ മണലൂര്‍ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയില്‍ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു (1957-1959). 1970-ല്‍ തൃശ്ശൂര്‍ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കൊന്തയില്‍നിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത്, കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികള്‍, വായനശാലയില്‍ (മൂന്നു വാല്യങ്ങള്‍), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത-ഒരു പഠനം, വള്ളത്തോളിന്റെ കവിത- ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രണയം, പാശ്ചാത്യ സാഹിത്യ സമീക്ഷ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. അദ്ദേഹത്തിന്റെ ആത്മകഥയായ കൊഴിഞ്ഞ ഇലകൾ മലയാളത്തിലെ സാഹിത്യ, സാസ്തകാരിക, വിദ്യാഭ്യാസ മേഖലകളുടെ നവോത്ഥാന ചരിത്രം കൂടിയാണ്. നോവലുകളും ചെറുകഥകളും സാഹിത്യ വിമർശന കൃതികളുൾപ്പടെ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. 1977 ഒക്ടോബര്‍ 25-ന് അന്തരിച്ചു.
കടപ്പാട്. വിവിധ മാധ്യമങ്ങൾ.

Related posts

6 മാസത്തിനുള്ളിൽ തകർന്ന റോഡുകളിൽ വിജിലൻസ് പരിശോധന

Aswathi Kottiyoor

സർപ്പ’ സൂപ്പർ പിടിയിലായത്‌ 2000 പാമ്പുകൾ

Aswathi Kottiyoor

കൂപ്പുകുത്തി അദാനി ; സമ്പാദ്യം 2.37 ലക്ഷം കോടിരൂപ ഇടിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox