27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • ഏത് രാത്രിയും മൃഗങ്ങൾക്ക് ചികിത്സയുമായി ഡോക്ടർമാർ കർഷകന്റെ വീട്ടുമുറ്റത്ത് എത്തും: മന്ത്രി ചിഞ്ചുറാണി
kannur

ഏത് രാത്രിയും മൃഗങ്ങൾക്ക് ചികിത്സയുമായി ഡോക്ടർമാർ കർഷകന്റെ വീട്ടുമുറ്റത്ത് എത്തും: മന്ത്രി ചിഞ്ചുറാണി

രാത്രികാല മൃഗപരിപാലത്തിന് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഓരോ പുതിയ വാഹനം നൽകുമെന്നും ഇനി അത്യാവശ്യ സന്ദർഭങ്ങളിൽ ഏത് രാത്രിയും മൃഗങ്ങൾക്ക് ചികിത്സയുമായി ഡോക്ടർമാർക്ക് കർഷകന്റെ വീട്ടുമുറ്റത്ത് എത്താനാവുമെന്നും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പന്ന്യന്നൂർ പഞ്ചായത്തിൽ പുതുതായി നിർമ്മിച്ച ആധുനിക വെറ്ററിനറി ഡിസ്‌പെൻസറി മന്ദിരം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നല്ല നിലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർമാരുമുണ്ടെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ രാത്രി സമയങ്ങളിൽ വിളിച്ചാൽ ഡോക്ടർമാർ എത്തുന്നില്ലെന്ന പരാതി ചില കർഷകർ ഉന്നയിച്ചിട്ടുണ്ട്. വളരെ ദൂരം സഞ്ചരിക്കേണ്ട പ്രയാസം കൊണ്ടാണവർക്ക് എത്താനാവാത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വാഹനം നൽകുന്നത്. ഇത്തരത്തിൽ കേരളത്തിൽ 30 വാഹനങ്ങൾ ഇതിനോടകം നൽകി കഴിഞ്ഞു. ബാക്കി നൽകാനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞവർഷം 10 ഗ്രാമ പഞ്ചായത്തുകളിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കി. 50 ലക്ഷം രൂപ ചിലവിലിൽ നടപ്പാക്കിയ പദ്ധതിയിലൂടെ ഒരു പഞ്ചായത്തിൽ 200 പശുക്കളെ പുതുതായി നൽകാനായി. പശു വളർത്തലിൽ ഉത്പാദന ചെലവ് അനുദിനം വർധിച്ചുവരികയാണ്. കന്നുകാലികൾക്ക് ആവശ്യമായത്ര കാലിത്തീറ്റ കേരളത്തിൽ ഉദ്പാദിപ്പിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കാലിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങിയാണ് മിൽമയും കേരള ഫീഡ്‌സും കാലത്തീറ്റ നിർമ്മിക്കുന്നത്. ഈ സ്ഥാപനങ്ങൾ കാലിത്തീറ്റയുടെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് നിരന്തരം അഭ്യർഥിക്കുന്നുണ്ടെങ്കിലും സർക്കാർ അതിനൊരുക്കമല്ല. വില കുറയ്ക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. ആന്ധ്രയിലെ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. അവർ ചോളം ഉപയോഗിച്ച് നിർമ്മിക്കുന്ന സൈലേജ് എന്ന പുതിയ ഇനം തീറ്റ കുറഞ്ഞ വിലക്ക് കേരളത്തിലെ കർഷകർക്ക് എത്തിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. സൈലേജ് നൽകിയാൽ കൂടുതൽ അളവിൽ കട്ടി കൂടിയ പാൽ ലഭിക്കും. നമുക്കാവശ്യായ തീറ്റപ്പുൽകൃഷി ഇവിടെ തയ്യാറാക്കേണ്ടതുണ്ട്. ഒരേക്കറിൽ പുൽകൃഷി നടപ്പാക്കിയാൽ 16000 രൂപ സർക്കാർ സബ്‌സിഡി ഇനത്തിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.

പന്ന്യന്നൂർ മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ സ്പീക്കർ എ എൻ സ്പീക്കർ അധ്യക്ഷത വഹിച്ചു.

2019- 2020 സാമ്പത്തിക വർഷത്തെ മൃഗസംരക്ഷണ വകുപ്പ് ഫണ്ടിൽ നിന്ന് 37.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ വെറ്ററിനറി ഡിസ്‌പെൻസറി നിർമ്മിച്ചത്. ഒറ്റ നിലയിൽ ആറു മുറികളും ഒരു ടോയിലറ്റ് കോംപ്ലക്‌സുമാണ് കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം മന്ത്രി ജെ ചിഞ്ചു റാണിക്ക് ഇ വിജയൻ മാസ്റ്ററും സ്പീക്കർക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജയും ആദരം സമർപ്പിച്ചു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ, വൈസ് പ്രസിഡണ്ട് കെ പി രമ, വാർഡ് അംഗങ്ങളായ സ്മിത സജിത്ത്, പി പി സുരേന്ദ്രൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് ജെ ലേഖ, വെറ്ററിനറി സർജൻ ഡോ. പി ദിവ്യ, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ തെക്കേക്കാട്ടിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ‘കരുതലോടെ നേരിടാം തെരുവുനായ ഭീഷണി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിൽ മാലൂർ വെറ്ററിനറി സർജൻ ഡോ. പി എൻ ഷിബു വിഷയമവതരിപ്പിച്ചു. ആനിമൽ ഹസ്ബൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി അജിത് ബാബു മോഡറേറ്ററായി.

Related posts

ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 3 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണങ്ങൾ, അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്….

Aswathi Kottiyoor

127 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox