കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫി ഉപയോഗിച്ചിരുന്ന രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കൂടി പോലീസ് വീണ്ടെടുത്തു. ‘സജ്‌നമോള്‍’, ‘ശ്രീജ’ എന്നീ പേരുകളില്‍ നിര്‍മിച്ച വ്യാജ അക്കൗണ്ടുകളാണ് വീണ്ടെടുത്തത്. ഇതിലെ ചാറ്റ് വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഭഗവല്‍സിങ്ങുമായി അടുപ്പം സ്ഥാപിച്ച ‘ശ്രീദേവി’ എന്ന അക്കൗണ്ട് ഉള്‍പ്പെടെ ആകെ നാല് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഷാഫി ഉപയോഗിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതില്‍ മൂന്നെണ്ണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടെടുത്തിരിക്കുന്നത്. ഇനി ഒരു അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കൂടി വീണ്ടെടുക്കാനുണ്ട്. ഇതിന്റെ വിവരങ്ങളും ഫെയ്‌സ്ബുക്ക് അധികൃതര്‍ വൈകാതെ പോലീസിന് കൈമാറുമെന്നാണ് സൂചന.
അതേസമയം, നരബലിക്കേസിലെ തെളിവെടുപ്പ് ബുധനാഴ്ചയും തുടരും. കഴിഞ്ഞദിവസം മുഖ്യപ്രതിയായ ഷാഫിയെ കൊച്ചി ചിറ്റൂര്‍ റോഡില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട പത്മയെ ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഇവിടെനിന്നായിരുന്നു. ഈ സംഭവങ്ങളെല്ലാം പ്രതിയോടൊപ്പം പോലീസ് പുനരാവിഷ്‌കരിക്കുകയും ചെയ്തു.ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി ഒരാളെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. ചോദ്യം ചെയ്യലിലാണ് ലൈല ഇത് വെളിപ്പെടുത്തിയത്. കൊലപാതക ശേഷം അവയവങ്ങള്‍ വിറ്റെന്നു പറഞ്ഞതായും മൊഴിയിലുണ്ട്. ഈ മൊഴിയുമായി ബന്ധപ്പെട്ട് ഇതുവരെ തെളിവു കിട്ടിയിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു.
ഷാഫിയും ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഭഗവല്‍ സിങ്ങിനെയും ലൈലയെയും സ്വാധീനിക്കുന്നതിനാണ് ഒരാളെ മുന്‍പ് കൊലപ്പെടുത്തിയതായി പറഞ്ഞതെന്ന നിലപാടിലാണ് ഷാഫി. പീഡനക്കേസില്‍ ജയിലില്‍ കിടന്ന ശേഷമാണ് ഷാഫി ആഭിചാര ക്രിയകളിലേക്കു കടന്നതെന്നാണ് പോലീസ് പറയുന്നത്.2020-ല്‍ പുത്തന്‍കുരിശില്‍ എഴുപത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലിലുണ്ടായ സമയത്ത് ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. മന്ത്രവാദം ചെയ്തിരുന്ന ചിലരുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അവരുടെ വിവരങ്ങള്‍ ശേഖരിക്കും.
പീഡിപ്പിച്ചു കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന അതീവ ഗുരുതര സ്വഭാവമുള്ള കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം. ഇതിനായി മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരുടെ വൈദ്യ പരിശോധനയും നടത്തി. കൂട്ടുപ്രതികളായ ദമ്പതിമാരെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്ത് തട്ടിയെടുക്കാനും ഷാഫി പദ്ധതിയിട്ടതായി വിവരമുണ്ട്.
ജൂണില്‍ ഇലന്തൂരില്‍ എത്തിച്ച് റോസ്ലിനെ കൊലപ്പെടുത്തിയപ്പോള്‍ പൂജാ കര്‍മങ്ങള്‍ കഴിയും മുമ്പേ റോസ്ലിന്‍ മരിച്ചതിനാല്‍ ദേവീപ്രീതി ലഭിച്ചില്ലെന്നാണ് ഷാഫി പറഞ്ഞത്. അതിനാലാണ് സെപ്റ്റംബര്‍ അവസാനം പത്മയെ കൊണ്ടുവന്നത്. ഭഗവല്‍ സിങ്ങും ലൈലയും ഷാഫിയുടെ സഹായത്തോടെ പത്മയെ തലവഴി മൂടി ബലപ്രയോഗത്തിലൂടെ വീടിനുള്ളിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന പുതിയ മൊഴിയും പുറത്തുവന്നിട്ടുണ്ട്. അതിനിടെ മുഹമ്മദ് ഷാഫി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു സഹായിച്ചതായുള്ള മൊഴി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.