കണ്ണൂർ: അതിഥിത്തൊഴിലാളികൾ കേരളത്തിന്റെ മക്കളാണെന്നും ലഹരിവസ്തുക്കളുടെ പിടിയിൽനിന്നു സ്വയം മോചിതരാകുകയും മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്തുകൊണ്ട് കേരളം നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടത്തിൽ അവർ കൈകോർക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി.
അതിഥിത്തൊഴിലാളികൾക്കിടയിലെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ “കവചി’ന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ അതിഥിത്തൊഴിലാളി ക്യാമ്പുകളിലെ ലഹരിവസ്തു വ്യാപന സാധ്യതകൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ അതിഥിത്തൊഴിലാളികൾക്കു വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കും.
സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളിലും അസിസ്റ്റന്റ് ലേബർ ഓഫീസർമാർ നിരന്തരം സന്ദർശനം നടത്തും. കേരളത്തിന്റെ ഉത്പാദന- വിതരണ- സേവന മേഖലകളിൽ ഒഴിവാക്കാനാകാത്ത ഘടകമാണ് അതിഥിത്തൊഴിലാളികൾ.
ഇവർക്കായി മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ ഒട്ടേറെ ക്ഷേമപദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. അവർക്കിടയിൽ ഒറ്റപ്പെട്ട ചില ക്രിമിനൽ പ്രവണതകളും ലഹരിമരുന്ന് ഉപയോഗവും ഉണ്ടെന്ന റിപ്പോർട്ടുകളെ സർക്കാർ അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ലേബർ കമ്മീഷണർ ഡോ. കെ. വാസുകി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേയർ ടി.ഒ. മോഹനൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രസംഗിച്ചു.
അതിഥി ത്തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആയിരത്തോളം അതിഥിതൊഴിലാളികൾ പങ്കെടുത്ത വിളംബരജാഥ ജില്ലാ ലേബർ ഓഫീസ് പരിസരത്ത് മന്ത്രി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.