കണ്ണൂര്‍: ജില്ലയില്‍ പകർച്ചപനി പടരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസവും ആയിരക്കണക്കിനാളുകളാണ് പനിക്ക് ചികിത്സ തേടിയെത്തുന്നത്. കൂടുതലും വൈറല്‍ പനിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 12 ദിവസം പിന്നിട്ടപ്പോൾ ഇന്നലെവരെ 8435 പേരാണ് ചികിത്സ തേടി ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ എത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിയവരുടെ എണ്ണം പരിശോധിച്ചാൽ ഇതിലും കൂടും.
ഓഗസ്റ്റ് മാസത്തിൽ പനി ബാധിച്ച് എത്തിയവരുടെ എണ്ണം കുറവായിരുന്നെങ്കിലും സെപ്റ്റംബറിൽ ഇത് ഇരട്ടിയായി വർധിച്ചു. ഓഗസ്റ്റിൽ 27,802 പേരാണ് ചികിത്സ തേടിയെത്തിയത്. ജൂൺ, ജൂലൈ മാസങ്ങളിലാണ് കൂടുതൽപേർ പനി ബാധിച്ച് ചികിത്സ തേടിയത്. ജൂൺ 31,710, ജൂലൈ 33,240. ഈ വര്‍ഷം ജനുവരി മുതല്‍ ഈ മാസം 12 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 2,33,300 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.
ഏപ്രില്‍ മാസത്തില്‍ ജില്ലയില്‍ പനി ബാധിതരായവര്‍ 15,000 പേർ ആയിരുന്നു. മേയ് മാസത്തില്‍ ഇത് 20,650 ആയി. പനിക്ക് പുറമെ ജലദോഷം, തൊണ്ടവേദന, ചുമ, കഫക്കെട്ട്, നടുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളുമുണ്ട്. പനി മാറിയാലും അനുബന്ധ അസുഖങ്ങള്‍ മാറാത്ത സ്ഥിതിയാണ്. പനി മാറി രണ്ടാഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്ക്കുന്നുണ്ട്. പലർക്കും ക്ഷീണവും മാറുന്നില്ല. വിറയലോടു കൂടിയ പനിയാണ് കൂടുതലാളുകള്ക്കുമുള്ളത്. മലയോര മേഖലകളിൽനിന്നും മറ്റുമാണ് കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തുന്നതെന്നും മാറി മാറി വരുന്ന കാലവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
മലയോരത്ത് ഡെങ്കിയും
എലിപ്പനിയും
മലയോരമേഖകളിൽനിന്നാണ് ഏറ്റവും കൂടുതൽ ഡെങ്കിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. എലിപ്പനി ലക്ഷണങ്ങളോടെ 108 പേരാണ് ഓഗസ്റ്റ് വരെ ആശുപത്രികളില്‍ ചികിത്സ തേടിയിത്. ഇതില്‍ 65 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 300ഓളം പേര് ചികിത്സ തേടി. ഇതിൽ 120 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് മൂന്നു മാസത്തിനിടെ മൂന്നുപേർ മരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കൂടാതെ ജില്ലയിലെ മലയോര മേഖലകളിൽ മലേറിയയും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പത്തുപേരാണ് മലേറിയ ബാധിച്ച് ചികിത്സ തേടിയത്. ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലിചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയിലും മറ്റും ജോലി ചെയ്യുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും പ്രതിരോധ ചികിത്സ സ്വീകരിക്കണമെന്നും അധികൃതർ പറഞ്ഞു.