കൊല്ലം: കോര്‍പ്പറേഷന്‍ ഓഫീസിലെ മേയറുടെ മുറിയില്‍ വന്‍ അഗ്നിബാധ. ശനിയാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും ഉള്‍പ്പടെയുള്ളവ കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏതൊക്കെ ഫയലുകള്‍ നഷ്ടമായിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.
പ്രധാന ഫയലുകള്‍ വല്ലതും കത്തി നശിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി തീപിടിത്തതിന് പിന്നിലുണ്ടോ എന്നകാര്യവും വ്യക്തമാകാനുണ്ട്. പ്രാധാന ഫയലുകള്‍ സാധാരണ സൂക്ഷിക്കുന്നത് തീപിടിത്തം ഉണ്ടായ ഓഫിസ് മുറിയോട് ചേര്‍ന്നുള്ള മുറിയിലാണ്. ഈ മുറിക്ക് തീപിടിച്ചിട്ടില്ല. എ.സി.പി അഭിലാഷ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
മേയറും കോര്‍പ്പറേഷന്‍ ജീവനക്കാരും അടക്കമുള്ളവരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടായിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇലക്ടിക്കല്‍ വിഭാഗവും ഇന്‍സ്പക്ടറേറ്റും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തും.