25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബൗളര്‍മാര്‍ തിളങ്ങി, സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 190 റണ്‍സ് വിജയലക്ഷ്യം.
Kerala

ബൗളര്‍മാര്‍ തിളങ്ങി, സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 190 റണ്‍സ് വിജയലക്ഷ്യം.


ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 190 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ 40.2 ഓവറില്‍ 189 റണ്‍സിന് ഔള്‍ ഔട്ടായി. 35 റണ്‍സെടുത്ത നായകന്‍ റെഗിസ് ചക്കാബ്വയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത നായകന്‍ കെ.എല്‍.രാഹുലിന്റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. സിംബാബ്‌വെ ബാറ്റിങ് നിരയെ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും നിലയുറപ്പിക്കാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ടീം സ്‌കോര്‍ 25-ല്‍ നില്‍ക്കേ ഓപ്പണര്‍ ഇന്നസെന്റ് കായിയയെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈയ്യിലെത്തിച്ച് ദീപക് ചാഹര്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. വെറും നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പിന്നാലെ മറ്റൊരു ഓപ്പണറായ തഡിവാനാഷി മറുമാനിയെയും മടക്കി ചാഹര്‍ തുടക്കത്തില്‍ തന്നെ സിംബാബ്‌വെയ്ക്ക് പ്രഹരമേല്‍പ്പിച്ചു. മറുമനിയെയും ചാഹര്‍ സഞ്ജുവിന്റെ കൈയ്യിലെത്തിച്ചു. വെറും എട്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ സിംബാബ്‌വെ 26 ന് രണ്ട് എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് മുഹമ്മദ് സിറാജിന്റെ ഊഴമായിരുന്നു. നാലാമനായി വന്ന സീന്‍ വില്യംസിനെ നിലയുറപ്പിക്കുംമുന്‍പ് സിറാജ് ശിഖര്‍ ധവാന്റെ കൈയ്യിലെത്തിച്ചു. വെറും ഒരു റണ്ണാണ് താരത്തിന്റെ സ്‌കോര്‍.

മൂന്നാമനായി ഇറങ്ങിയ വെസ്ലി മധേവെരേയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത വെസ്ലിയെ ചാഹര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ സ്‌പെല്ലില്‍ തന്നെ ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി സിംബാബ്‌വെയുടെ നടുവൊടിച്ചു. ഇതോടെ സിംബാബ്‌വെ വെറും 31 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.അഞ്ചാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച സിക്കന്ദര്‍ റാസയും നായകന്‍ റെഗിസ് ചക്കാബ്വയും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് സിംബാബ്‌വെയെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിന്് അധികം ആയുസ്സുണ്ടായില്ല. ടീം സ്‌കോര്‍ 66-ല്‍ നില്‍ക്കേ ടീമിന്റെ പ്രതീക്ഷയായിരുന്ന സിക്കന്ദര്‍ റാസ കൂടാരം കയറി. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കി 12 റണ്‍സെടുത്ത് റാസ പുറത്തായി.

ഇതോടെ നായകന്‍ ചക്കാബ്വ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. മികച്ച ഷോട്ടുകളുമായി നായകന്‍ കളം നിറഞ്ഞു. കൂട്ടിന് റയാന്‍ ബേളുമെത്തി. എന്നാല്‍ 11 റണ്‍സെടുത്ത ബേളിനെ പ്രസിദ്ധ് കൃഷ്ണ മടക്കി. പിന്നാലെ ചക്കാബ്വയും മടങ്ങി. 51 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളുടെ അകമ്പടിയോടെ 35 റണ്‍സെടുത്ത സിംബാബ്‌വെ നായകനെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. ചക്കാബ്വയ്ക്ക് പകരം വന്ന ലൂക്ക് യോങ്‌വെയെയും മടക്കി അക്ഷര്‍ സിംബാബ്‌വെയുടെ എട്ടാം വിക്കറ്റെടുത്തു. യോങ്‌വെ മടങ്ങുമ്പോള്‍ സിംബാബ്‌വെ സ്‌കോര്‍ വെറും 110 റണ്‍സ് മാത്രമായിരുന്നു.

എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ബ്രാഡ് ഇവാന്‍സും റിച്ചാര്‍ഡ് എന്‍ഗാറാവയും ചെറുത്തുനിന്നു. ഇരുവരും നന്നായി ബാറ്റുവീശിയതോടെ ഇന്ത്യ ചെറുതായി ഒന്നുപതറി. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാന്‍ നായകന്‍ രാഹുലിന് സാധിച്ചില്ല. വാലറ്റത്ത് 70 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. സിംബാബ്‌വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടാണിത്.എന്നാല്‍ 40-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണ ഈ കൂട്ടുകെട്ട് പൊളിച്ചു. 42 പന്തില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 34 റണ്‍സെടുത്ത എന്‍ഗാറവയെ ക്ലീന്‍ ബൗള്‍ഡാക്കി പ്രസിദ്ധ് ഈ കൂട്ടുകെട്ട് പൊളിച്ചു.അവസാനക്കാരനായി വന്ന വിക്ടര്‍ ന്യായുച്ചിയെ മടക്കി അക്ഷര്‍ പട്ടേല്‍ സിംബാബ്‌വെ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. 40.3 ഓവറില്‍ ടീം ഓള്‍ ഔട്ടായി.29 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 33 റണ്‍സെടുത്ത ബ്രാഡ് ഇവാന്‍സ് പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി

Related posts

വയനാട്ടിൽ പുഴയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

Aswathi Kottiyoor

സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

Aswathi Kottiyoor

കൂത്തുപറമ്പ് രക്തസാക്ഷിദിനം നാളെ

Aswathi Kottiyoor
WordPress Image Lightbox