മുംബൈ: ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനും കഴിഞ്ഞ ദിവസം ആരംഭിച്ച ആകാശ എയറിന്റെ ഉടമയുമായ രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാലയുടെ ആസ്തി ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം 5.8 ബില്യൻ ഡോളറാണ്.
സുഖമില്ലാതായതിനെ തുടർന്ന് ഇന്നു രാവിലെ 6.45നാണ് രാകേഷ് ജുൻജുൻവാലയെ മുംബൈയിലെ കാൻഡി ബ്രീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വൃക്ക സംബന്ധമായ രോഗത്തിനുൾപ്പെടെ അദ്ദേഹം ചികിത്സയിലായിരുന്നു. അടുത്തിടെ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിട്ട് അധികമായിരുന്നില്ല. ആകാശ എയർലൈൻസിന്റെ ഉദ്ഘാടന ദിനത്തിലാണ് ഏറ്റവുമൊടുവിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജയ്യനായിരുന്നു ജുൻജുൻവാലയെന്ന് മോദി അനുശോചന സന്ദേശത്തിൽ കുറിച്ചു. ഇന്ത്യൻ വ്യവസായ രംഗത്ത് ഒരിക്കലും മായാത്ത സംഭാവനകൾ നൽകിയാണ് അദ്ദേഹം മടങ്ങുന്നത്. ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് ആവേശഭരിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണം വേദനിപ്പിക്കുന്നതാണ്. ജുൻജുൻവാലയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.