തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ആശുപത്രി നടത്തിപ്പിൽ വീഴ്ചകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൂപ്രണ്ട് അജയ മോഹനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റി. ഇന്ന് രാവിലെ 11 ഓടെയാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്.മന്ത്രി എത്തുമ്പോൾ രോഗികൾ നിരയായി നിൽക്കുന്നുണ്ടായിരുന്നു. രണ്ട് ഒപികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. റജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ആവശ്യമായ മരുന്നുകൾ ആശുപത്രിയിൽ ഇല്ലെന്ന് രോഗികൾ മന്ത്രിയെ അറിയിച്ചു.
പിന്നാലെ, ആശുപത്രി സൂപ്രണ്ടിനോട് ക്ഷുഭിതയായ മന്ത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവിറക്കുകയായിരുന്നു. ബ്ലഡ് ബാങ്ക് ഉൾപ്പെടെയുള്ളവ ശരിയായി പ്രവർത്തിക്കാത്തതിൽ മന്ത്രി അതൃപ്തി അറിയിച്ചു. ജീവനക്കാർ കുറവാണെങ്കിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാത്തത് എന്താണെന്നും മന്ത്രി ആരാഞ്ഞു.
ആശുപത്രി സൂപ്രണ്ടിനെതിരെ മുൻപും പരാതികൾ ലഭിച്ചിരുന്നു. എംഎൽഎയ്ക്കടക്കം പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ ആശുപത്രി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളുമായി മന്ത്രിയെ സമീപിച്ചിരുന്നു.