ന്യൂഡൽഹി: അവിശ്വാസപ്രമേയം പരിഗണിക്കുന്നതിനു സഹകരണ സൊസൈറ്റി പൊതുയോഗം വിളിച്ചുചേർക്കാൻ സഹകരണ റജിസ്ട്രാർക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച കേരള ഹൈക്കോടതി നിർദേശങ്ങൾ ശരിവച്ചുകൊണ്ടാണിത്.
സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ കേരള സർക്കാർ നടപടിക്കെതിരെ മുൻ എംഎൽഎ കെ. ശിവദാസൻ നായർ ഉൾപ്പെടെയുള്ളവരാണു കോടതിയിലെത്തിയത്. ആവശ്യം നിരാകരിച്ചെങ്കിലും ഇവർക്ക് അടുത്ത ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു തടസ്സമില്ലെന്നു കോടതി വ്യക്തമാക്കി.
സഹകരണ നിയമ പ്രകാരം, റജിസ്ട്രാർക്കു യോഗം വിളിക്കാമെങ്കിലും ദൈനംദിന പ്രവർത്തനങ്ങൾ മാത്രമേ ചർച്ച ചെയ്യാവു എന്നാണു ഹർജിക്കാർക്കു വേണ്ടി ഹാജരായ പി.എൻ. രവീന്ദ്രൻ, പി.എസ്. സുധീർ എന്നിവർ വാദിച്ചത്. യോഗത്തിൽ അവിശ്വാസപ്രമേയം ചർച്ചചെയ്യുന്നതിനെ എതിർത്തു കൊണ്ടായിരുന്നു ഇത്. ഇവ കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി നിരീക്ഷണങ്ങളെ പൂർണമായി അംഗീകരിക്കുകയും ചെയ്തു.