കണ്ണൂർ∙ കണ്ണൂർ കോളയാട് വില്ലേജിലെ നെടുംപൊയിൽ-മാനന്തവാടി 24–ാം മൈൽ ഭാഗത്ത് ഉരുൾപൊട്ടലിനെത്തുടർന്ന് പലയിടത്തായി റോഡ് തകർന്നതിനാൽ നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ ഗതാഗതം പൂർണമായും നിർത്തി. കൂറ്റൻപാറക്കല്ലുകളും ചെളിനിറഞ്ഞ മണ്ണും കടപുഴകിയെത്തിയ വൻമരങ്ങളും റോഡിലുണ്ട്. വയനാട് യാത്രയ്ക്ക് ബദൽ മാർഗ്ഗമായി കൊട്ടിയൂർ പാൽചുരം റോഡ് ഉപയോഗിക്കണമെന്നാണ് അറിയിപ്പ്. നെടുംപൊയില്‍- മാനന്തവാടി ചുരം റോഡില്‍ ഗതാഗതം രണ്ടുദിവസത്തിനകം പുനസ്ഥാപിക്കും. നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ റവന്യുസംഘം പരിശോധന തുടങ്ങി.
ഉരുൾ പൊട്ടലും മഴക്കെടുതിയും മൂലം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഈ മാസം ഏഴ് വരെ നിർത്തിവെച്ചു. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിക്കൽ തുടങ്ങി. ഉരുൾപൊട്ടൽ നാശം വിതച്ച സ്ഥലങ്ങളിലേക്ക് അനാവശ്യ സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ കണ്ണൂർ പേരാവൂരിൽ നാല് വീടുകൾ പൂർണ്ണമായും 100 വീടുകൾ ഭാഗികമായും തകർന്നു. തുടിയാട് കൊളക്കാട് റോഡിൽ നാലിടങ്ങളിലെ കലുങ്കുകൾ ഒഴുകി പോയതിനെ തുടർന്ന് ഇരുപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.