പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കിടെ 2021-ലെ മദ്യനയം താൽക്കാലികമായി പിന്തുടരാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. ഇതുപ്രകാരം തിങ്കളാഴ്ച മുതൽ സർക്കാർ നേരിട്ട് നടത്തുന്ന കടകൾ വഴി മാത്രമായിരിക്കും സംസ്ഥാനത്ത് മദ്യം ലഭിക്കുക.
468 സ്വകാര്യ മദ്യക്കടകൾക്ക് തിങ്കളാഴ്ച മുതൽ പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ലെന്നും വീട്ടുപടിക്കൽ മദ്യം എത്തിക്കാനുള്ള സർക്കാർ പദ്ധതി ഉടനടി നടപ്പിലാക്കില്ലെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
കേന്ദ്ര സർക്കാരുമായുള്ള തർക്കം മൂലമാണ് ഡൽഹി സർക്കാരിന് പുതിയ നയത്തിൽ നിന്ന് പിൻമാറേണ്ടി വന്നത്. 2021-ലെ മദ്യനയത്തെപ്പറ്റി അന്വേഷിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ നിർദേശപ്രകാരം കേന്ദ്ര ഏജൻസികളെത്തിയത് മദ്യക്കട നടത്താനായി ലൈസൻസ് കരസ്ഥമാക്കിയ സ്വകാര്യ വ്യവസായികളെ ബുദ്ധിമുട്ടിലാക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
വ്യാപാരികളെ കേന്ദ്രം ഭീഷണിപ്പെടുത്തുകയാണെന്നും ഗുജറാത്തിലേതിന് സമാനമായി വ്യാജ മദ്യ ലോബിയ്ക്ക് കളമൊരുക്കാനാണ് ബിജെപി ശ്രമമെന്നും ആം ആദ്മി പാർട്ടി പ്രസ്താവിച്ചു.