• Home
  • Gundalpet
  • ഗുണ്ടൽപേട്ടിൽ സൂര്യകാന്തിപാടം പൂത്തു; രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സ്വർണപ്പൂപ്പാടം കാണാൻ ഒഴുകിയെത്തി സഞ്ചാരികൾ.
Gundalpet

ഗുണ്ടൽപേട്ടിൽ സൂര്യകാന്തിപാടം പൂത്തു; രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സ്വർണപ്പൂപ്പാടം കാണാൻ ഒഴുകിയെത്തി സഞ്ചാരികൾ.

മൈസൂരു: സംസ്ഥാന അതിർത്തിയായ ചാമരാജ് നഗർ ജില്ലയിലെ ഗുണ്ടൽപേട്ട്, നൻജൻകോട് ഭാഗങ്ങളിലെ സൂര്യകാന്തി പൂപ്പാടങ്ങൾ പൂത്തു തുടങ്ങിയതോടെ വിനോദ സഞ്ചാരികളുടെ വരവ് ആരംഭിച്ചു. കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഇവിടേക്ക് സഞ്ചാരികൾ എത്തിയിരുന്നില്ല. എന്നാൽ ഇത്തവണ എല്ലാം മാറി നിന്നതോടെ സ്വർണവർണം വാരിത്തൂവിയ പൂപ്പാടം കാണാൻ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഒഴുകിയെത്തുകയാണ്.

ദേശീയപാത 766ന് ഇരുവശത്തുമായി കണ്ണെത്താ ദൂരത്തോളം വിരിഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി പൂപ്പാടങ്ങളും സൂര്യകാന്തി പാടങ്ങളും കാണാൻ നിരവധിപേരാണ് ഇവിടങ്ങളിലേക്ക് ഒഴുകിയെത്താറ്. ഇവിടെ ജൂലൈ ആദ്യവാരം മുതൽ പൂക്കൾ വിരിഞ്ഞ് തുടങ്ങിയിരുന്നു. വയനാട് ജില്ലയിൽ നിന്നും ഇതര ജില്ലകളിൽ നിന്നുമുള്ള മലയാളികളാണ് പൂപ്പാടം കാണാൻ എത്തുന്നവരിൽ ഭൂരിപക്ഷവും. സംസ്ഥാന അതിർത്തിയായ പൊൻകുഴി മുതൽ തന്നെ ഗുണ്ടൽപേട്ട് ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങളുടെ തിരക്കാണ്.

കേരളത്തിലെ ഓണക്കാലം, പെയിന്റ് വിപണി, മറ്റ് സ്ഥലങ്ങളിലെ ഉത്സവങ്ങൾ എന്നിവ ലക്ഷ്യം വച്ചാണ് കർണാടകയിൽ പൂപ്പാടങ്ങൾ ഒരുങ്ങുന്നത്. കർണാടകയുടെ അതിർത്തി ചെക്ക്പോസ്റ്റ് ആയ മൂലഹള്ളയിലും ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്. അതിർത്തി പിന്നിട്ട് വനപ്രദേശവും കഴിഞ്ഞ് എത്തുന്ന മഥുർ മുതൽ തുടങ്ങുകയാണ് പാതയ്ക്ക് ഇരുവശത്തും പൂത്തുലഞ്ഞു കിടക്കുന്ന പൂപ്പാടങ്ങൾ. ഹെക്ടർ കണക്കിന് പാടമാണ് സ്വർണം വാരി വിതറി ആകർഷണീയമായി കിടക്കുന്നത്. സെപ്റ്റംബർ ആദ്യ വാരം വരെ പൂപ്പാടങ്ങൾ സന്ദർശിക്കുന്നവരുടെ തിരക്ക് ഉണ്ടാകും. ബംഗളുരുവിൽ നിന്നും 280 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഗുണ്ടൽപേട്ടയിലെ പൂപ്പാടങ്ങളിലേക്കെത്താം. നിരവധി ചിത്രങ്ങളിലെ ഗാനരംഗങ്ങൾക്കും ഇവിടങ്ങളിലെ പൂപ്പാടങ്ങൾ പശ്ചാത്തലമേകിയിട്ടുണ്ട്.

WordPress Image Lightbox