ചെന്നൈ: ലോക ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം. ചെന്നൈ നെഹ്‌റു സ്‌റ്റേഡിയത്തിൽ വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ മുഖ്യാതിഥിയാകും. മത്സരങ്ങൾ നാളെമുതൽ ആഗസ്‌ത് 10 വരെ മഹാബലിപുരത്ത് നടക്കും. ആദ്യ റൗണ്ട് മത്സരം നാളെ പകൽ മൂന്നിന് മഹാബലിപുരത്തുള്ള ഫോർ പോയിന്റ് ഷെറാട്ടൺ ഹോട്ടലിൽ ആരംഭിക്കും. ഓപ്പൺ, വനിതാ വിഭാഗങ്ങളിലാണ് മത്സരം. ഓപ്പണിൽ 188 ടീമുകളും വനിതകളിൽ 162 ടീമുകളും അണിനിരക്കും. ആതിഥേയരായതിനാൽ ഇന്ത്യ രണ്ട് വിഭാഗത്തിലും മൂന്ന് ടീമുകളെവീതം ഇറക്കുന്നു. ഒരു ടീമിൽ അഞ്ച് കളിക്കാരാണുള്ളത്. ഒരു റൗണ്ടിൽ രണ്ട് ടീമുകളിലെ നാല് കളിക്കാർവീതം പരസ്‌പരം ഏറ്റുമുട്ടും. കൂടുതൽ മത്സരം ജയിക്കുന്ന ടീം വിജയിയാകും. ആകെ 11 റൗണ്ട് മത്സരമാണ്.
കരുത്തരായ റഷ്യയും ചൈനയും പങ്കെടുക്കുന്നില്ല. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യക്ക് കിരീടസാധ്യതയുണ്ടെന്നാണ് ലോക ചാമ്പ്യനായ മാഗ്‌നസ് കാൾസന്റെ പ്രവചനം. നോർവെ ടീമിൽ കാൾസനുണ്ട്. അമേരിക്കയും അസർബൈജാനും വെല്ലുവിളി ഉയർത്തും. 2014ലും 2021ലും വെങ്കലം നേടിയിട്ടുണ്ട്. 2020 ഓൺലൈൻ മത്സരത്തിൽ റഷ്യയുമായി സ്വർണം പങ്കിട്ടു. വനിതകളിൽ ഉക്രയ്‌ൻ, ജോർജിയ, കസാക്കിസ്ഥാൻ ടീമുകൾ കരുത്തരാണ്.