ന്യൂഡൽഹി: 5ജി സ്‌പെക്ട്രം ലേലം രണ്ടാം ദിനം പൂർത്തിയായപ്പോൾ 1,49,454 കോടി രൂപയാണ് സ്വരൂപ്പിച്ചത്. ഇതോടെ ലേലം മൂന്നാം ദിനത്തിലേക്ക് നീണ്ടു.2021-ൽ നടന്ന 4ജി സ്‌പെക്ട്രം ലേലത്തേക്കാൾ 71639.2 കോടി രൂപ അധികമായി ഇത്തവണ ലേലത്തിൽ വിളിച്ചിട്ടുണ്ട്. 92.06% കൂടുതൽ തുകയ്ക്ക് ആണ് ഇത്തവണ സ്‌പെക്ട്രം വിളിച്ചെടുത്തത്. ബുധനാഴ്ച അഞ്ച് റൗണ്ട് ലേലമാണ് നടന്നത്. ഇതോടെ ആകെ ഒൻപത് റൗണ്ട് ലേലമാണ് നടന്നത്. തുടക്കത്തിൽ രണ്ടാം ദിനമായ ബുധനാഴ്ച തന്നെ ലേലം പൂർത്തിയാവുമെന്നായിരുന്നു കരുതിയിരുന്നത്. 700 മെഗാഹെർട്സ് ഫ്രീക്വൻസിയ്ക്കാണ് ആവശ്യക്കാരേറെയെന്ന് ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോ, മിഡ് റേഞ്ച് ബാൻഡുകളോടും മികച്ച പ്രതികരണമാണെന്നും മന്ത്രി പറഞ്ഞു.
5ജി എന്ന അഞ്ചാം തലമുറ മൊബൈൽ നെറ്റ്‌വർക്കിലൂടെ 4ജിയേക്കാൾ പതിന്മടങ്ങ് വേഗം കൈവരിക്കാനാകും. വിവിധ മേഖലകളിൽ പുതിയ സാധ്യതകൾക്ക് ഇത് വഴി തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റ് 14-ന് തന്നെ സ്‌പെക്ട്രം വിതരണ നടപടികൾ പൂർത്തിയാക്കുമെന്നാണ് മന്ത്രി പറയുന്നത്. സെപ്റ്റംബറിൽ കമ്പനികൾ 5ജി സേവനങ്ങൾക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.