കേളകം: മലയോര മേഖലയിൽ കടുവ ആക്രമണങ്ങളും സാന്നിധ്യവും നിരന്തരം ചർച്ചയാകുമ്പോൾ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളെ കടുവ സങ്കേതമാക്കി പ്രഖ്യാപിക്കുമോ എന്ന ആശങ്കയിൽ പ്രദേശവാസികൾ.
2020 ഏപ്രിലിൽ നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ നിർദേശപ്രകാരം കടുവകളുടെ കണക്കെടുപ്പ് നടത്താൻ ആറളം വന്യജീവി സങ്കേതത്തിൽ കാമറകൾ സ്ഥാപിച്ചിരുന്നതാണ് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നത്. എന്നാൽ ഈ കാമറകളിൽ കടുവകളുടെ ചിത്രങ്ങൾ പതിഞ്ഞില്ലെങ്കിലും രണ്ടു കടുവകൾ ഉണ്ടെന്നാണ് വനം വകുപ്പ് സ്ഥിരീകരിക്കുന്നത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലും ഇത്ര തന്നെ ഉണ്ടന്നാണ് കണക്ക്. എന്നാൽ ഇതിൽ കൂടുതൽ വനത്തിലും പുറത്തുമായി ഉള്ളതായി പ്രദേശവാസികൾ പറയുന്നു.
കേളകം പഞ്ചായത്തിലെ രാമച്ചി, ശാന്തിഗിരി, പാലുകാച്ചി മല. കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം, അമ്പായത്തോട്, ചപ്പമല, പന്നിയാംമല തുടങ്ങിയ ജനവാസ മേഖല ഇടങ്ങളിലാണ് നിത്യേന എന്നോണം കടുവയുടെ സാന്നിധ്യം ഉള്ളത്. ഇതിൽ രാമച്ചിയിൽ പള്ളിവാതുക്കൽ ഇട്ടിയവര, പുന്നമറ്റത്തിൽ ജോജി എന്നിവരുടെ ഉൾപ്പെടെ നിരവധി ആളുകളുടെ വളർത്തുമൃഗങ്ങൾ, നായ്ക്കൾ എന്നിവയെ കടുവ പിടിച്ചിരുന്നു. ഇട്ടിയവരയുടെ വീടിന് സമീപം സ്ഥാപിച്ച കാമറയിൽ കടുവയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു.
പാലുകാച്ചിയിൽ ടൂറിസം പരിശോധനയ്ക്ക് വന്നപ്പോൾ ഡി എഫ്ഒയുടെ സാന്നിധ്യത്തിൽ കടുവയുടെ വിസർജ്യവസ്തുക്കൾ കണ്ടെത്തിയിരുന്നു.
ചപ്പമലയിൽ കഴിഞ്ഞ ദിവസം പുല്ലുചെത്താൻ പോയ വാളിയേക്കൽ ജോയി, ഫിലോമിന ദമ്പതികൾ കടുവയുടെ തൊട്ടടുത്തുനിന്നുള്ള മുരളിച്ച കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
കടുവ സങ്കേത സാധ്യത
വയനാട് വന്യജീവി സങ്കേതമാണ് നിലവിൽ കടുവ സങ്കേതമാക്കാൻ വനം വകുപ്പ് നിർദേശിച്ചിരിക്കുന്ന വന്യജീവി സങ്കേതം . 344 സ്ക്വയർ കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.
2018 – കണക്കനുസരിച്ച് 75 പ്രായപൂർത്തിയായ കടുവകളും 2020 ലെ കണക്കനുസരിച്ച് 120 ഉം കടുവകളാണുള്ളത്. ഇതേ ശരാശരിയിൽ 2022 -ൽ 170 മുകളിൽ കടുവകൾ ഉണ്ട്. 150ന് മുകളിൽ കടുവകൾ എന്തായാലും ഉണ്ടാകുമെന്നാണ് കണക്ക്. ഇതനുസരിച്ച് കടുവകളുടെ സാന്ദ്രത ഒരു സ്ക്വയർ കിലോമീറ്ററിന് 1.96 കടുവകൾ എന്ന നിലയിലാണ്.
ഒരു കടുവയ്ക്ക് 25 സ്ക്വയർ കിലോമീറ്റർ വേണമെന്നതാണ് അന്തർദേശീയ അനുമാനം. അതുകൊണ്ടു തന്നെ വയനാട് വന്യജീവി സങ്കേത്തോട് ചേർന്ന് കിടക്കുന്ന കൊട്ടിയൂർ,ആറളം വന്യജീവി സങ്കേതങ്ങളെ ഈ കടുവ സങ്കേതത്തിന്റെ പരിധിയിൽ കൊണ്ടുവന്നാൽ കടുവ സങ്കേതത്തിന്റെ അതിർത്തി വ്യാപിപ്പിച്ച് ഈ പ്രശ്നത്തെ മറികടക്കാനാകും.