തിരുവനന്തപുരം ∙ ആധാർ സെർവറിലെ പ്രശ്നങ്ങൾ മൂലം റേഷൻ കടകളിലെ ഇപോസ് മെഷീൻ കൃത്യമായി പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്ത് ഒരാഴ്ചയായി റേഷൻ വിതരണം തടസ്സപ്പെടുന്നു. റേഷൻ വാങ്ങാനെത്തുന്നവർ ഇപോസ് മെഷീനിൽ വിരൽ പതിക്കുമ്പോൾ അവരുടെ ആധാർ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കുകയും തുടർന്ന് ആവശ്യമായ സാധനങ്ങളുടെ ബിൽ തയാറാക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ, കുറെ ദിവസമായി ആധാർ വിവരങ്ങൾ പരിശോധിക്കാനാകുന്നില്ല. ഇതിനു പകരം, റേഷൻ കാർഡ് ഉടമയുടെ റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി സന്ദേശം പോകുന്ന സംവിധാനമാണു പ്രവർത്തിക്കുന്നത്. പല കാർഡ് ഉടമകളുടെയും കൈവശം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള ഫോൺ ഇല്ലാത്തതും ഫോണിലെ സന്ദേശം നോക്കി അതു പറയാൻ അറിയാത്ത ഉടമകൾ ഉള്ളതും വിതരണത്തെ ബാധിക്കുന്നതായി റേഷൻ വ്യാപാരികൾ പറയുന്നു.
മാസാവസാനമായതിനാൽ റേഷൻ വാങ്ങാൻ തിരക്കേറെയാണ്. ഈ മാസം ഇതു വരെ 55.67% കാർഡ് ഉടമകൾക്കാണു റേഷൻ വിതരണം ചെയ്തത്. വിതരണം മുടങ്ങാതിരിക്കാൻ ബദൽ സംവിധാനമൊരുക്കണമന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിയും ആവശ്യപ്പെട്ടു. അതേസമയം, ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ബന്ധപ്പെട്ടു പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.