കണ്ണൂർ: മട്ടന്നൂർ നഗരസഭാതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20നും വോട്ടെണ്ണൽ ഓഗസ്റ്റ് 22നും നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നു. നാമനിർദേശ പത്രിക ഇന്നുമുതൽ സമർപ്പിക്കാം. ഓഗസ്റ്റ് രണ്ടുവരെ നാമനിർദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന ഓഗസ്റ്റ് മൂന്നിന് നടക്കും.
പത്രിക ഓഗസ്റ്റ് അഞ്ചുവരെ പിൻവലിക്കാം. ഇന്നലെമുതൽ മട്ടന്നൂർ നഗരസഭാ പ്രദേശത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്.
നഗരസഭയുടെ കാലാവധി 2022 സെപ്റ്റംബർ പത്തിനാണ് അവസാനിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന പുതിയ കൗൺസിലർമാർ സെപ്റ്റംബർ 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നഗരസഭയിൽ ആകെ 35 വാർഡുകളിലായി 38,812 വോട്ടർമാരുണ്ട്. നിലവിലെ വാർഡുകളുടെ അതിർത്തികളിൽ മാറ്റമില്ല. വോട്ടർമാരിൽ 18,200 പുരുഷൻമാരും 20,610 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡറുമാണുള്ളത്. പ്രവാസി ഭാരതീയർക്കുള്ള പ്രത്യേക വോട്ടർപട്ടികയിൽ ആരും പേര് ചേർത്തിട്ടില്ല. നഗരസഭയിലെ 18 വാർഡുകൾ സ്ത്രീകൾക്കും ഒന്ന് പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. ഓരോ വാർഡിലും ഓരോ പോളിംഗ് ബൂത്ത് വീതം ഉണ്ടാകും. പോളിംഗ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളാണ്.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ജില്ലാ കളക്ടറാണ്. ഒന്നുമുതൽ 18 വരെ വാർഡുകളുടെ വരണാധികാരി കണ്ണൂർ ഡിഎഫ്ഒ പി. കാർത്തികും ഉപവരണാധികാരി മുനിസിപ്പൽ എൻജിനിയറുമാണ്. 19 മുതൽ 35 വരെ വാർഡുകളുടെ വരണാധികാരി സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ ജി.പ്രദീപും ഉപവരണാധികാരി മുനിസിപ്പൽ സൂപ്രണ്ടുമാണ്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുനിസിപ്പൽ സെക്രട്ടറി.
സ്ഥാനാർഥികളുടെ സെക്യൂരിറ്റി നിക്ഷേപം 2,000 രൂപയാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് 1,000 രൂപ മതിയാകും. ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75,000 രൂപയാണ്. ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക. കോവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. പൊതുനിരീക്ഷകയായി ഐഎഫ്എസ് ഉദ്യോഗസ്ഥ ആർ.കീർത്തിയെ ചുമതലപ്പെടുത്തി. സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിമാരായ എസ്. സുരേഷ് കുമാർ പി.വി. ജയൻ എന്നിവരെ ചുമതലപ്പെടുത്തി.
മോണിറ്ററിംഗ് സെൽ
രൂപീകരിച്ചു
തെരഞ്ഞെടുപ്പ് പരാതികൾ പരിശോധിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് സെൽ രൂപീകരിച്ചു. എഡിഎം, ജില്ലാ പോലീസ് മേധാവി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്. പുതിയ കൗൺസിലിന്റെ ചെയർമാൻ, ഡപ്യൂട്ടി ചെയർപേഴ്സൻ തെഞ്ഞെടുപ്പ് തീയതി കമ്മീഷൻ പിന്നീട് അറിയിക്കും. ആറ് സ്ഥിരം സമിതികളിലെ അംഗങ്ങളെയും ചെയർമാൻമാരെയും അതിനുശേഷം തെരഞ്ഞെടുക്കും.
ഇന്നലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും ജില്ലാ കളക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട്, വരണാധികാരികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും യോഗം കളക്ടറേറ്റിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ചുചേർത്ത് ഒരുക്കങ്ങൾ വിലയിരുത്തി.
സംവരണ വാർഡുകൾ
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന് 35 വാർഡുകളിൽ 18 എണ്ണം സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. സ്ത്രീസംവരണ വാർഡുകൾ: 02 പൊറോറ, 04 കീച്ചേരി, 05 ആണിക്കരി, 08 മുണ്ടയോട്, 09 പെരുവയൽക്കരി, 12 കോളാരി, 14 അയ്യല്ലൂർ, 15 ഇടവേലിക്കൽ, 18 കരേറ്റ, 21 പെരിഞ്ചേരി, 22 ദേവർകാട്, 23 കാര, 25 ഇല്ലംഭാഗം, 26 മലക്കുതാഴെ, 27 എയർപോർട്ട്, 28 മട്ടന്നൂർ, 34 മേറ്റടി, 35 നാലാങ്കേരി. പട്ടികജാതി സംവരണം: 30 പാലോട്ടുപള്ളി. ഈ വർഷം ചെയർപേഴ്സൻ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. ഡപ്യൂട്ടി ചെയർപേഴ്സൻ വനിതാസംവരണമാണ്.