കൊച്ചി: രാജ്യത്തിന് മാതൃകയായ ക്ഷേമസംവിധാനമാണ് കേരളത്തിന്റേതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. യുവ അഭിഭാഷകരുടെ സ്റ്റെെപ്പൻഡ് ഗുണഭോക്തൃസംഗമവും ഹെൽപ് ഡെസ്‌ക് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളം എല്ലാ മേഖലകളിലും ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രാജ്യങ്ങളിൽ ഉയർന്ന നികുതി നിരക്കാണുണ്ടാകുക. വരുമാനത്തിന്റെ 50 ശതമാനവും നികുതിയായി നൽകേണ്ടിവരും. എന്നാൽ, കേരളം അധിക നികുതിഭാരം ചുമത്താതെയാണ് ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. വരുമാനത്തിലുള്ള കുറവുമൂലം അഭിഭാഷകർ ജോലി വിട്ടുപോകുന്നത് വർധിക്കുകയാണ്. യോഗ്യതയുള്ള യുവ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് വിതരണമടക്കമുള്ള ക്ഷേമാനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഈ സാഹചര്യം മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു.
അഡ്വ. എം കെ ദാമോദരൻ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയിൽ എഐഎൽയു ദേശീയ സെക്രട്ടറിയറ്റ് അംഗം ലത ടി തങ്കപ്പൻ അധ്യക്ഷയായി. ബാർ കൗൺസിൽ ചെയർമാൻ കെ എൻ അനിൽകുമാർ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗം അഡ്വ. എൻ മനോജ് കുമാർ, ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. തോമസ് എബ്രഹാം, എഐഎൽയു സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. എൻ സി മോഹനൻ, ബാർ കൗൺസിൽ ട്രഷറർ അഡ്വ. കെ കെ നാസർ, എഐഎൽയു ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി സി ഇ ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ടി പി രമേശ് എന്നിവർ സംസാരിച്ചു.