23.3 C
Iritty, IN
July 27, 2024
  • Home
  • Kochi
  • വിഷു–ഈസ്റ്റർ: ട്രെയിനിൽ സീറ്റില്ല, യാത്രാ ദുരിതത്തിൽ ബെംഗളൂരു മലയാളികൾ.
Kochi

വിഷു–ഈസ്റ്റർ: ട്രെയിനിൽ സീറ്റില്ല, യാത്രാ ദുരിതത്തിൽ ബെംഗളൂരു മലയാളികൾ.


കൊച്ചി ∙ വിഷു–ഈസ്റ്റർ തിരക്കു മൂലം ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കും തിരിച്ചും ട്രെയിനിൽ ടിക്കറ്റില്ല. 13ന് ബെംഗളൂരു–കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് എന്നിവയിൽ വെയ്റ്റ് ലിസ്റ്റ് ക്രമാതീതമായി കൂടിയതോടെ സ്ലീപ്പർ ക്ലാസ് ബുക്കിങ് നിർത്തി. വിഷു കഴിഞ്ഞ് ഈസ്റ്റർ ഞായറാഴ്ച ബെംഗളൂരുവിലേക്ക് മടങ്ങാനും ടിക്കറ്റില്ല.

കൊച്ചുവേളി–ബെംഗളൂരു ട്രെയിനിൽ സ്ലീപ്പർ ബുക്കിങ് തീർന്നു. എറണാകുളം–ബാനസവാടി ട്രെയിനിൽ വെയ്റ്റ് ലിസ്റ്റ് സ്ലീപ്പറിൽ 187 ആണ്. ബെംഗളൂരുവിലേയ്ക്കു ആവശ്യത്തിനു ട്രെയിനില്ലെന്ന കേരളത്തിന്റെ വർഷങ്ങൾ നീളുന്ന പരാതിക്കു ഇതുവരെ പരിഹാരമായിട്ടില്ല.കൊച്ചുവേളി–ബെംഗളൂരു ഗരീബ്‌രഥിന്റെ ദിവസങ്ങൾ മാറ്റിയാൽ യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്പെടുമെങ്കിലും റെയിൽവേ അനങ്ങിയിട്ടില്ല. ഇപ്പോൾ ഗരീബ്‌രഥ് ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിലേക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിലേയ്ക്കുമാണു സർവീസ് നടത്തുന്നത്.

ഇതിൽ മാറ്റം വരുത്താൻ ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തിരുന്നെങ്കിലും പുതിയ ടെർമിനൽ വരട്ടെ എന്ന നിലപാടാണു ദക്ഷിണ പശ്ചിമ റെയിൽവേ സ്വീകരിച്ചത്. ഇങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഏറ്റവും തിരക്കുള്ള ഞായറാഴ്ച കേരളത്തിൽ നിന്നു ബെംഗളൂരുവിലേയ്ക്കു അധിക സർവീസ് ലഭിക്കുമായിരുന്നു.

ബൈപ്പനഹള്ളിയിലെ പുതിയ ടെർമിനൽ ഉദ്ഘാടത്തിനു തയാറാണ്. അവിടേക്കു മാറ്റുന്ന ആറു ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ട്രെയിനുകളൊന്നും നിലവിലില്ല. പുതിയ ടെർമിനൽ വരുമ്പോൾ കൊച്ചുവേളി–ബാനസവാടി ഹംസഫർ എക്സ്പ്രസിന്റെ സർവീസ് ആഴ്ചയിൽ മൂന്നാക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം.

ബാനസാവാടിയിൽ സ്ഥലമില്ലെന്ന കാരണം പറഞ്ഞാണു 2019ൽ ഇതു നിഷേധിച്ചത്. എന്നാൽ പുതിയ ടെർമിനൽ വരുമ്പോൾ ഇതും പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ രണ്ട് ആവശ്യങ്ങൾ നടപ്പായാൽ തിരക്കേറിയ വാരാന്ത്യങ്ങളിൽ എങ്കിലും ആവശ്യത്തിനു സീറ്റുകൾ ലഭിക്കും. വിഷു, ഈസ്റ്റർ തിരക്കു കണക്കിലെടുത്തു കർണാടക ആർടിസിയും കെഎസ്ആർടിസിയും കൂടി നടത്തുന്ന സ്പെഷൽ സർവീസുകൾ മാത്രമാണു യാത്രക്കാർക്ക് ഇനി ആശ്രയം.

Related posts

സംസ്‌ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ…

Aswathi Kottiyoor

സിവിക്‌ ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിന്‌ ഹൈക്കോടതി സ്റ്റേ.

Aswathi Kottiyoor

വധഗൂഢാലോചന കേസ്: നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox