കണ്ണൂർ: കൃഷിയിലൂടെ മികച്ച വരുമാനം കണ്ടെത്തിയ കർഷകരുടെ പട്ടികയുമായി കേന്ദ്രസർക്കാർ. രാജ്യത്തെ 731 കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽനിന്ന് 81,141 കർഷകരെയാണ് തെരഞ്ഞെടുത്തത്.
ഒരു കൃഷി വിജ്ഞാന കേന്ദ്രത്തിൽനിന്ന് 111 വീതം കർഷകരെയാണ് തെരഞ്ഞെടുത്തത്. കേരളത്തിലെ 14 കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽനിന്നായി 1,554 കർഷകർ കേന്ദ്രസർക്കാരിന്റെ പട്ടികയിൽ ഇടം നേടി. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഇടപെടലുകളിലൂടെ വരുമാനം ഇരട്ടിപ്പിച്ച കർഷകരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
കേന്ദ്ര കൃഷിവകുപ്പിന്റെ ഡബിളിംഗ് ഓഫ് ഫാർമേഴ്സ് ഇൻകം പദ്ധതിയുടെ ഭാഗമായാണ് ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ചുകൊണ്ട് വരുമാനം ഇരട്ടിപ്പിക്കാൻ സാധിച്ചിട്ടുള്ള കർഷകരുടെ വിവരശേഖരണം നടത്തിയത്. അടിസ്ഥാന വർഷമായ 2016-17 ൽ കൃഷി അനുബന്ധ മേഖലകളിൽ ലഭിച്ച വരുമാനത്തിൽനിന്നും 2020-21 വർഷത്തിൽ നൂറു ശതമാനമെങ്കിലും വർധന ഉണ്ടായിട്ടുള്ള കർഷകരുടെ വിവരശേഖരണമാണു നടത്തിയത്.
കാർഷിക സർവകലാശാലകളുടെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെയും സാങ്കേതിക സഹായത്തോടെ കൃഷിയിടങ്ങളിൽ ശാസ്ത്രീയ വിളപരിപാലന രീതികൾ അവലംബിച്ച് വരുമാന വർധനവ് നേടിയ കർഷകരുടെയും കാർഷിക സംരംഭകരുടെയും വിവരങ്ങൾ ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ 94-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പ്രകാശനം ചെയ്തത്. സ്ഥാപകദിനത്തോടനുബന്ധിച്ച് കേന്ദ്രകൃഷിമന്ത്രിയുമായി അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തിനു കീഴിലെ കർഷകനായ എരുവേശ്ശി പൂപ്പറമ്പിലെ വി.ടി. മാത്യുവിനെയാണ് തെരഞ്ഞെടുത്തത്.
കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ കൃഷിയിട പരീക്ഷണങ്ങൾ, മുൻനിരപ്രദർശനങ്ങൾ, കൃഷി അനുബന്ധ മേഖലകളിലെ വിവിധ പരിശീലനപരിപാടികൾ, നൈപുണ്യ വികസന പരിശീലനങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളാണ് കൃഷി മുഖ്യവരുമാനമായിട്ടുള്ള ഈ കർഷകർ.
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ആര്യ’ പദ്ധതിയിലൂടെ കാർഷിക സംരംഭങ്ങൾ ആരംഭിച്ച് സുസ്ഥിര വരുമാനം ഉറപ്പാക്കിയ യുവജനങ്ങളും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.