കണ്ണൂർ: റബ്കോ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. അടുത്ത വർഷം ജനുവരി 31 വരെ നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ റബ്കോ ഓഡിറ്റോറിയത്തിൽ മുൻ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിൽ ഉദ്യോഗാർഥികൾക്ക് ഏറെ ആശ്വാസവും തൊഴിൽ സുരക്ഷയും ഉറപ്പ് നൽകുന്നതിൽ സഹകരണമേഖലയ്ക്ക് മുഖ്യപങ്കുണ്ടെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
സ്വകാര്യ മൂലധന സ്ഥാപനങ്ങൾ സഹകരണമേഖലയെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റം തടയാനും വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനും സഹകരണ പ്രസ്ഥാനങ്ങൾക്കായി. വൻകിട കമ്പനികളോടു മത്സരിച്ച് വിജയം കൈവരിച്ച സ്ഥാപനമാണ് റബ്കോയെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
റബ്കോ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. രജതജൂബിലിയുടെ ലോഗോ പ്രകാശനം മുൻ എംഎൽഎ എം.വി. ജയരാജൻ നിർവഹിച്ചു. റബ്കോ ഗ്രൂപ്പ് ഡയറക്ടർ കെ. കുഞ്ഞനന്തൻ, വി. രാമകൃഷ്ണൻ, എം.കെ. ദിനേശ് ബാബു, പി.പി. ദാമോദരൻ, ജേക്കബ് ഡി. മാത്യു, എ.കെ. രവീന്ദ്രൻ, പി.വി. ഹരിദാസൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.