27.8 C
Iritty, IN
July 7, 2024
Uncategorized

ആഫ്രിക്കൻ സ്വൈൻ ഫീവർ

ആഫ്രിക്കൻ സ്വൈൻ ഫീവർ ഒരു ജന്തുജന്യരോഗമല്ല, പക്ഷേ കോവിഡ് -19 പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയ വാർത്തയുമെത്തിയത് പലരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.എന്നാൽ ആഫ്രിക്കൻ സ്വൈൻ ഫീവർ രോഗം പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖമല്ല എന്നതാണ് വസ്തുത. പന്നികളിൽ മാത്രം ഒതുങ്ങി കാണപ്പെടുന്ന ഒരു വൈറസ് രോഗമാണിത്.എന്നാൽ ഈ പകർച്ചവ്യാധി പന്നിവളർത്തൽ മേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. രോഗബാധയേറ്റ പന്നികളിൽ മരണ സാധ്യത നൂറ് ശതമാനമാണന്ന് മാത്രമല്ല മറ്റ് പന്നികളിലേക്ക് അതിവേഗത്തിൽ പടരുകയും ചെയ്യും.മറ്റ് പ്രദേശങ്ങളിലേക്ക് പടർന്ന് പിടിക്കാൻ ഇട വന്നാൽ ലക്ഷക്കണക്കിനാളുകൾ ഉപജീവനത്തിനത്തിനായി ആശ്രയിക്കുന്ന പന്നിവളർത്തൽ, അനുബന്ധ മാംസോത്പാദനമേഖല എന്നിവ തകരുന്നതിനും വലിയ സാമ്പത്തിക നഷ്ടത്തിനും ഇതു കാരണമാവും.
അറിയാം ആഫ്രിക്കൻ സ്വൈൻ ഫീവർ ; പിഗ് എബോള (Pig Ebola) എന്ന് അറിയപ്പെടുന്ന സാംക്രമിക പന്നി രോഗമാണ് ആഫ്രിക്കന്‍ സ്വൈൻ ഫീവർ . ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസുകളാണ് രോഗത്തിന് കാരണം. വളർത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും മുള്ളൻപന്നികളെയുമെല്ലാം രോഗം ബാധിക്കും. കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനത്തിൽ പെട്ട പന്നികളിലും രോഗസാധ്യത ഉയർന്നതാണ്.
രോഗകാരിയായ വൈറസിന്റെ സംഭരണികൾ ആയാണ് ആഫ്രിക്കൻ കാട്ടുപന്നികൾ അറിയപ്പെടുന്നത്. വൈറസിന്റെ നിലനില്പിനും വ്യാപനത്തിനുമെല്ലാം വലിയ പങ്കുവഹിക്കുന്ന ഇവയിൽ ഈ വൈറസ് രോഗമുണ്ടാക്കാറില്ല. രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ആഫ്രിക്കൻ സ്വൈൻ ഫീവർ പകരുന്നത്. പന്നി മാംസത്തിലൂടെയും രോഗാണു മലിനമായ തീറ്റയിലൂടെയും പാദരക്ഷ, വസ്ത്രങ്ങൾ, ഫാം ഉപകരണങ്ങളിലൂടെയും രോഗ വ്യാപനം നടക്കും. പന്നികളുടെ രക്തം ആഹാരമാകുന്ന ബാഹ്യപരാദങ്ങളായ പട്ടുണ്ണികൾക്കും രോഗം പടർത്താൻ ശേഷിയുണ്ട്.
വൈറസ് വാഹകരായ കാട്ടുപന്നികളിൽ നിന്ന് പട്ടുണ്ണികളിലേക്കും പട്ടുണ്ണികളിൽ നിന്ന് മറ്റ് കാട്ടുപന്നികളിലേക്കും വ്യാപനം നടന്നാണ് ആഫ്രിക്കൻ വനമേഖലയിൽ വൈറസ് സജീവമായി നിലനിൽക്കുന്നതെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.വൈറസ് ബാധയേറ്റ് 3-5 ദിവസത്തിനകം പന്നികൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനി, ശ്വാസതടസ്സം, തീറ്റ മടുപ്പ്, ശരീര തളർച്ച, തൊലിപ്പുറത്ത് രക്ത വാർച്ച, ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകൾ, വയറിളക്കം, ഛർദ്ദി, കൂടാതെ ഗർഭിണി പന്നികളിൽ ഗർഭ മലസൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ആന്തരാവയവങ്ങളിൽ രക്തസ്രാവത്തിന് വൈറസ് കാരണമാവും.
അതിവേഗത്തിൽ മറ്റ് പന്നികളിലേക്ക് പടർന്ന് പിടിക്കാൻ വൈറസിന് കഴിയും. തുടർന്ന് രോഗം മൂർച്ഛിച്ച് 1-2 ആഴ്ചക്കുള്ളിൽ പന്നികൾ കൂട്ടമായി ചത്തൊടുങ്ങും.ആഫ്രിക്കൻ സ്വൈൻ ഫീവർ വന്ന വഴി പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കെനിയയിൽ കാലിവസന്ത മൂലം കന്നുകാലികൾ കൂട്ടമായി ചത്തൊടുങ്ങിയതിനെ തുടർന്ന് അവിടെ വൻതോതിലുള്ള പന്നി വളർത്തലിന് തുടക്കം കുറിച്ചത് അന്ന് കെനിയയെ തങ്ങളുടെ കോളനിയാക്കി ഭരിച്ചിരുന്ന ബ്രീട്ടീഷുകാരായിരുന്നു. അവർ കെനിയയിൽ വൻതോതിൽ പന്നികളെ ഇറക്കുമതി ചെയ്ത് വളർത്താൻ ആരംഭിച്ചു. കന്നുകാലികളൊഴിഞ്ഞ വിശാലമായ പുൽമേടുകളിൽ വേലികെട്ടി തിരിച്ച് പന്നികളെ അഴിച്ച് വിട്ടായിരുന്നു പന്നിവളർത്തൽ.എന്നാൽ ഇത്തവണ അപകടമെത്തിയത് ആഫ്രിക്കൻ സ്വകാര്യ ഫീവർ രൂപത്തിലായിരുന്നു. വൈറസിന്റെ വാഹകരായ ആഫ്രിക്കൻ കാട്ടുപന്നികളിൽ നിന്നും ബാഹ്യപരാദങ്ങളായ പട്ടുണ്ണികൾ വഴിയായിരുന്നു വൈറസുകൾ കെനിയയിലെ വളർത്തുപന്നികളിലെത്തിയത്.
1907- ൽ കെനിയയിൽ ആദ്യ രോഗബാധ കണ്ടെത്തിയതിന് ശേഷം അഞ്ച് പതിറ്റാണ്ടോളം ആഫ്രിക്കൻ വൻകരയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം 1957 മുതൽ യൂറോപ്പിലേക്ക് വ്യാപിച്ചത് ആഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത പന്നിമാംസത്തിലൂടെയായിരുന്നു. യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ രോഗം പൊട്ടിപുറപ്പെട്ടപ്പോൾ രോഗം തുടച്ചുനീക്കുന്നതിനായി രാജ്യത്തെ മുഴുവൻ പന്നികളെയും കൊന്നൊടുക്കിയതും ചരിത്രം. 1960- 1990 കാലയളവിൽ അമേരിക്കയിലെയും യൂറോപ്പിലെയും പന്നിവളർത്തൽ വ്യവസായ മേഖലക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ആഫ്രിക്കൻ സ്വൈൻ ഫീവർ വരുത്തി വെച്ചത്.
തുടർന്നും പല ഘട്ടങ്ങളിലായി യൂറോപ്പിലും അമേരിക്കയിലും രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ ശക്തമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഇന്ന് മിക്ക യൂറോപ്യൻ രാജ്യങ്ങളും ആഫ്രിക്കൻ സ്വൈൻ ഫീവർ വിമുക്തമാണ്. ആഫ്രിക്കയിൽ പന്നി വളർത്തൽ വ്യവസായ മേഖലയുടെ വികാസം തടസ്സപ്പെടുത്തുന്ന പ്രധാനഘടകം ഈ രോഗമാണന്നാണ് പല പഠനങ്ങളും നിരീക്ഷിക്കുന്നത്.

ഏഷ്യാവൻകരയിൽ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ലിയോനിങിലെ പന്നിവളർത്തൽ കേന്ദ്രങ്ങളിലായിരുന്നു.
ലോകത്ത് വളർത്തു മൃഗ സമ്പത്തിന് ഇന്നുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ നാശമായാണ് 2018 – ൽ ചൈനയിൽ നിന്നാരംഭിച്ച് തെക്ക് കിഴക്കൻ ഏഷ്യയാകെ പടർന്ന് പിടിച്ച ഈ മഹാമാരി കാരണമുണ്ടായ ആഘാതത്തെ ശാസ്ത്രസമൂഹം വിലയിരുത്തുന്നത്.
ആഫ്രിക്കൻ സ്വൈൻ ഫീവർ നിയന്ത്രണത്തിനായുള്ള നടപടികൾ പുരോഗമിക്കവയെയാണ് ഇടിത്തീ പോലെ ചൈനയിൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്.ആഫ്രിക്കൻ സ്വൈൻ ഫീവർ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ഥവും പന്നികളിൽ മാത്രം ഒതുങ്ങി കാണപ്പെടുന്നവയുമാണ്.
കേരളത്തിൽ പന്നികളിൽ വ്യാപകമായി കാണപ്പെടുന്ന ക്ലാസിക്കൽ സ്വൈൻ ഫീവർ (ക്ലാസിക്കൽ സ്വൈൻ ഫീവർ) അഥവാ ഹോഗ് കോളറ രോഗവുമായി ആഫ്രിക്കൻ സ്വൈൻ ഫീവറിന് സമാനതകൾ ഒന്നുമില്ല. ക്ലാസിക്കൽ സ്വൈൻ ഫീവർ രോഗം തടയാനുള്ള ഫലപ്രദമായ വാക്സിനുകളും ഇന്നുണ്ട്. എന്നാൽ ആഫ്രിക്കൻ സ്വൈൻ ഫീവർ തടയാൻ ഫലപ്രദമായ വാക്സിനുകൾ ഒന്നും തന്നെയില്ല. രോഗബാധ കണ്ടെത്തിയ മേഖലയിലെ മുഴുവൻ പന്നികളെയും ദയാവധത്തിന് വിധേയമാക്കി സുരക്ഷിതമായി സംസ്ക്കരിക്കുക എന്നതാണ് ലോക മൃഗാരോഗ്യ സംഘടന നിർദേശിക്കുന്ന നിയന്ത്രണമാർഗ്ഗം.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൃഗ സംരക്ഷണ വകുപ്പ് താഴെ പറയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
• കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആഫ്രിക്കൻ സ്വൈൻ ഫീവർ ആക്ഷൻ പ്ലാൻ പ്രകാരം സംസ്ഥാനത്തു ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമായി പ്രവർത്തികമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ മൃഗ സംരക്ഷണ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട് .
• സംസ്ഥാനത്തെ എല്ലാ സ്വകാര്യ സർക്കാർ പന്നി വളർത്തൽ കേന്ദ്രങ്ങളിലും രോഗ ലക്ഷണങ്ങളും മരണമോ റിപ്പോർട്ട് ചെയ്യുന്നുണ്ടോയെന്നു നിരീക്ഷിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്.

• സംസ്ഥാനത്തെ എല്ലാ ഫാമുകളിലും ബയോ സെക്യൂരിറ്റി ,മാലിന്യ നിർമാർജ്ജനം എന്നീ വിഷയങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് .
• ഈ വിഷയത്തിൽ പന്നി ഫാം ഉടമങ്ങൾക്കും സർക്കാർ ഫാം ഉദ്യോഗസ്ഥർക്കും ആവശ്യമായ ബോധവത്കരണം നൽകുന്നതിനായി സെമിനാറുകൾ സംഘടിപ്പിക്കുന്നു .
• രോഗം നിർണ്ണയിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ പാലോട് മുഖ്യ ജന്തു രോഗ നിർണ്ണയ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
• സംസ്ഥാനത്തേക്കു കൊണ്ട് വരുന്ന പന്നികളിൽ ആരോഗ്യ പരിശോധനയും രോഗ നിരീക്ഷണവും നടത്താൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്

• വകുപ്പിലെ ലബോറട്ടറികളിലെ ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ ഫാം ഓഫീസർമാർ എന്നിവർക്ക് വിദഗ്ധ പരിശീലനം നടത്തുന്നു.
• സംസ്ഥാനത്തു ഏതെങ്കിലും പ്രദേശത്തു സംശയാസ്പതമായ രോഗ ബാധയുണ്ടായാൽ വിവരങ്ങൾ അറിയിക്കുന്നതിന് കുടപ്പനക്കുന്ന് അനിമൽ ഡിസീസ് കണ്ട്രോൾ പ്രോജെക്ടിൽ കണ്ട്രോൾ റൂം (SADEC)പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട് (നമ്പർ ;0471 27 32151 ).

പ്രധാനമായും പന്നിവളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ ജാഗ്രത പുലർത്തണം. ഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനൊപ്പം ജൈവസുരക്ഷാ മാർഗ്ഗങ്ങൾ പൂർണമായും പാലിക്കണം.ജാഗ്രതാ കാലാവധി അവസാനിക്കുന്നത് വരെ അന്യ സംസ്ഥാനങ്ങളിൽ നിന്നും പന്നികളെയും പന്നി കുഞ്ഞുങ്ങളെയും വാങ്ങുന്നത് ഒഴിവാക്കണം. മറുനാട്ടിൽ നിന്നെത്തുന്ന തീറ്റയും ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നാണ് സർക്കാറിന്റെ മാർഗ്ഗനിർദ്ദേശം.
“നിലവിൽ സംസ്ഥാനത്ത് രോഗം മൂലം ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല, രോഗ ബാധ തടയുന്നതിനായിആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും വകുപ്പ് തലത്തിൽ സ്വീകരിച്ചിട്ടുണ്ട് എന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ.കൗശിഗൻ ഐഎഎസ് അറിയിച്ചു.

Related posts

ഒരുപാട് കടമ്പകള്‍, പരിശോധനകള്‍; മോക്ക്‌പോള്‍ അത്ര സിംപിള്‍ അല്ല, ഓരോ ഘട്ടവും വിശദമായി അറിയാം

Aswathi Kottiyoor

കാനഡയിൽ ഭാര്യയെ കൊന്ന് നേരെ ഇന്ത്യയിലേക്ക്, എല്ലാം ചൂതാട്ടത്തിന്റെ പേരിൽ? പ്രതിയെ തേടി കേരള പൊലീസും

Aswathi Kottiyoor

പേരാവൂർ : ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പേരാവൂർ ടൗണിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി പിഴയിട്ടു.

Aswathi Kottiyoor
WordPress Image Lightbox