23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • വാക്‌സിനെടുക്കാതെ പകുതിയിലധികം കുട്ടികൾ
Kerala

വാക്‌സിനെടുക്കാതെ പകുതിയിലധികം കുട്ടികൾ

കോവിഡ്‌ വാക്‌സിൻ സ്വീകരിച്ച കുട്ടികളുടെ എണ്ണത്തിൽ ജില്ല പിറകിൽ. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം12 മുതൽ 14വയസുവരെയുള്ള കുട്ടികളിൽ ആദ്യ ഡോസ്‌ സ്വീകരിച്ചത്‌ 56.74 ശതമാനം പേരും രണ്ടാം ഡോസും സ്വീകരിച്ചത്‌ 29.43 ശതമാനം പേരുമാണ്‌. കുട്ടികളുടെ വാക്‌സിനേഷൻ ശതമാനത്തിൽ സംസ്ഥാനത്ത്‌ ജില്ലയ്‌ക്ക്‌ പന്ത്രണ്ടാം സ്ഥാനമാണുള്ളത്‌. ജില്ലക്ക്‌ പിറകിൽ മലപ്പുറം, കോഴിക്കോട്‌ ജില്ലകളേയുള്ളൂ.
കോവിഡ്‌ കേസുകൾ കുറഞ്ഞതോടെയാണ്‌ വാക്‌സിൻ എടുക്കുന്നതിൽ താൽപര്യം കുറഞ്ഞത്‌. കോർബി വാക്‌സാണ്‌ ഈ പ്രായപരിധിയിലെ കുട്ടികൾക്ക്‌ നൽകുന്നത്‌. 50,544 കുട്ടികൾ ആദ്യ ഡോസും 26,212 പേർ കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. കുട്ടികളുടെ വാക്‌സിനേഷൻ ഊർജിതപ്പെടുത്താൻ സ്‌കൂളുകൾ തൊട്ടടുത്ത സർക്കാർ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന്‌ ആരോഗ്യ വകുപ്പ്‌ നിർദേശം നൽകിയിട്ടുണ്ട്‌. പിടിഎ യോഗങ്ങൾ ചേർന്ന്‌ വാക്‌സിനേഷനെക്കുറിച്ച്‌ ബോധവൽക്കരണം നടത്താനും നിർദേശമുണ്ട്‌. വാക്‌സിനേഷന്‌ വിമുഖത കാട്ടുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ പ്രത്യേക സെഷനുകൾ നടത്താനും ആരോഗ്യ വകുപ്പ്‌ ആലോചിക്കുന്നുണ്ട്‌.
കരുതൽ ഡോസെടുക്കാനും മടി
കോവിഡ്‌ കേസുകൾ കുറഞ്ഞതോടെ കരുതൽ ഡോസ്‌ വാക്‌സിൻ എടുക്കാനും ആളുകളില്ല. അറുപത്‌ വയസുകഴിഞ്ഞവർക്ക്‌ മാത്രം സർക്കാർ ആരോഗ്യ കേന്ദ്രം വഴി സൗജന്യമായി നൽകുമെന്ന കേന്ദ്ര സർക്കാർ തീരുമാനവും കരുതൽ ഡോസെടുക്കുന്നവരുടെ എണ്ണം കുറയാൻ കാരണമായി. അറുപത്‌ കഴിഞ്ഞവരിൽ 37.84 ശതമാനം പേരാണ്‌ കരുതൽ ഡോസെടുത്തത്‌. 52.18 ശതമാനം ആരോഗ്യ പ്രവർത്തകരും 33.46 ശതമാനം കോവിഡ്‌ മുന്നണി പോരാളികളും കരുതൽ ഡോസെടുത്തിട്ടുണ്ട്‌. 45നും 59നുമിടയിൽ പ്രായമുള്ളവരിൽ 1.32 ശതമാനം പേരും 18നും 44നുമിടയിൽ പ്രായമുള്ള 1.65 ശതമാനം പേരും മാത്രമാണ്‌ വാക്‌സിൻ സ്വീകരിച്ചത്‌. എല്ലാ വിഭാഗത്തിലുമായി ആകെ 19.10 ശതമാനം പേരാണ്‌ ജില്ലയിൽ കരുതൽ ഡോസെടുത്തത്‌.
കോവിഡ്‌ കേസുകൾ കൂടുന്ന സാഹചര്യത്തിൽ വാക്‌സിനെടുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന്‌ ആർസിഎച്ച്‌ ഓഫീസർ ഡോ. ബി സന്തോഷ്‌ പറഞ്ഞു. ആളുകൾ കുറഞ്ഞതിനാൽ വാക്‌സിൻ ഉപയോഗശൂന്യമാവാനുള്ള സാധ്യത കൂടുതലാണ്‌. 20 പേരുണ്ടെങ്കിൽ ഒരു കുപ്പി (വാക്‌സിൻ വയൽ) പൊട്ടിച്ച്‌ നഷ്ടമില്ലാതെ വാക്‌സിൻ നൽകാനാവും. അഞ്ചോ ആറാേ പേർ മാത്രമുണ്ടാവുമ്പോൾ ആ കുപ്പിയിലെ ബാക്കി വാക്‌സിൻ ഉപയോഗശൂന്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

കേരളത്തെ മികച്ച സംസ്ഥാനമാക്കി മാറ്റിയത്‌ ഇടതുപക്ഷ ബദൽ നയങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor

പക്ഷിപ്പനി: ഉന്നതതല കേന്ദ്ര സംഘം കേരളത്തിലേക്ക്

Aswathi Kottiyoor

സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി പി കെ ശ്രീമതി ടീച്ചർ പൊലീസില്‍ പരാതി നല്‍കി

Aswathi Kottiyoor
WordPress Image Lightbox