ഇരിട്ടി: കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതവും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നതോടെ കേരളത്തിന്റെ അതിർത്തിഗ്രാമങ്ങളായ കൂട്ടുപുഴ, പേരട്ട ടൗണുകളുൾപ്പെടെ ഭീഷണിയിലാകും. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ബഫർസോൺ പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിൽ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന് അതിരിടുന്ന കച്ചേരിക്കടവ്, പാലത്തുംകടവ് ഗ്രാമങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
എന്നാൽ അതിർത്തിയിലെ കൂട്ടുപുഴയും സമീപ ടൗണായ പേരട്ടയും ബഫർ സോൺ ഭീഷണിയിൽ ആണെന്നുള്ള സാഹചര്യം നേരത്തെ കണ്ടെത്തിയിരുന്നില്ല. തലശേരി-മൈസൂരു റോഡിന്റെ ഒരു ഭാഗം ബ്രഹ്മഗിരി വന്യജീവി സങ്കേതമാണ്. 100 മീറ്റർ പോലും ബഫർസോൺ ആക്കിയാൽത്തന്നെ കൂട്ടുപുഴ ടൗൺ പരിസ്ഥിതിലോല മേഖലയിൽ പെടും. ഇപ്പോൾ ഒരു കിലോമീറ്റർ പ്രഖ്യാപിക്കപ്പെടുന്നത് ആകാശദൂരം കണക്കാക്കുമ്പോൾ തൊട്ടിപ്പാലം ,പേരട്ട, മാക്കൂട്ടം എന്നീ ഗ്രാമങ്ങൾ ഉൾപ്പെടെ പരിസ്ഥിതിലോല ഭീഷണിയിലാകും.
കച്ചേരിക്കടവ്, പാലത്തുംകടവ് പള്ളികളും കച്ചേരിക്കടവ് സ്കൂളും പേരട്ട, മാക്കൂട്ടം മുസ്ലിം പള്ളികളും മാക്കൂട്ടത്തെ ദേവീക്ഷേത്രംവും ഭീഷണിയിലാണ്. ബ്രഹ്മഗിരി വന്യജീവി സങ്കേതം സീറോ പോയിന്റിലേക്കാക്കാൻ ഇടപെടൽ വേണമെന്നാണ് അതിർത്തി ഗ്രാമങ്ങളിലെ നാട്ടുകാരുടെ ആവശ്യം.