കൂത്തുപറമ്പ്: പതിറ്റാണ്ടുകളായി തലമുറകൾക്ക് ശർക്കര ചേർത്ത അവലും വെല്ല കാപ്പിയും വിളമ്പിയ നാണുവും വിടവാങ്ങി. 150 വർഷത്തോളം പഴക്കമുള്ള കൂത്തുപറമ്പിനടുത്ത് കിണവക്കലിലെ കല്ലൂകഫെ എന്ന ചായക്കട നടത്തുകയായിരുന്ന കുമ്മക്കരോത്ത് നാണു (86)വാണ് ഇന്നലെ രാവിലെ മരിച്ചത്.പതിറ്റാണ്ടുകൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരി സഹോദരി കല്ലുവായിരുന്നു ചായക്കട തുടങ്ങിയത്.
കല്ലുവിന്റെ മരണത്തോടെയാണ് നാണു ചായക്കട ഏറ്റെടുത്തു നടത്താൻ തുടങ്ങിയത്. കാലത്തിന്റെ പരിഷ്കാരത്തിനൊപ്പം ചായക്കടയുടെ പേര് കല്ലൂകഫെ എന്നായി. കല്ലു ചായക്കട തുടങ്ങിയ കാലം മുതൽക്കേ ഇവിടുത്തെ പ്രധാന വിഭവം ശർക്കരയും പഴവും തേങ്ങയും ഇട്ട് കുഴച്ച അവലും വെല്ല കാപ്പിയും ആയിരുന്നു. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഇവിടെ പ്രധാനമായി നൽകുന്നത് ഈ വിഭവം മാത്രം. ഇതിന്റെ രുചിയറിഞ്ഞ് ഇത് കഴിക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇപ്പോഴും എത്താറുണ്ട്.
എസ്.കെ.പൊറ്റക്കാട് തന്റെ യാത്രാവിവരണത്തിൽ കല്ലൂകഫെയിൽ നിന്നും അവൽ കഴിച്ചതിന്റെ ഓർമകൾ വിവരിക്കുന്നുണ്ട്. ഇ.എം.എസ്, ഇ.കെ.നായനാർ, പി.കെ.വാസുദേവൻ നായർ, സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് ഉൾപ്പെടെയുള്ളവർ ചായക്കടയിൽ അവലും കാപ്പിയും കഴിക്കാനെത്തിയിരുന്നു. ഈ ഓർമകൾ പലപ്പോഴും ചായക്കടയിൽ എത്തുന്നവരോടും നാണു പറയാറുണ്ടായിരുന്നു.
പ്രായത്തിന്റെ അവശതയിലും എല്ലാ ദിവസവും ഇദ്ദേഹം ചായക്കടയിൽ എത്തുമായിരുന്നു.പതിവുപോലെ ഇന്നലെയും ഉണർന്ന് രാവിലെ പുറത്തെ കസേരയിൽ ഇരുന്ന സമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടായിരുന്നു മരണം. മകൻ സായി രാജും ചായക്കടയിൽ സഹായിയായി നിൽക്കാറുണ്ടായിരുന്നു.നാണു ഓർമകളിലേക്ക് വിട വാങ്ങുമ്പോൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം പകർന്നു നൽകിയ സ്നേഹാർദ്രമായ ഓർമകളാണ് നഷ്ടമാകുന്നത്.