കേളകം : കൊട്ടിയൂർ വനത്തിലൂടെ വൻമരങ്ങളുടെ തണലേറ്റ് ട്രക്കിങ്. രണ്ടുകിലോമീറ്ററോളം വനഭംഗി ആസ്വദിച്ച് മുകളിലെത്തിയാൽ കാത്തിരിക്കുന്നത് പാലുകാച്ചിമലയുടെ ദൃശ്യഭംഗി. എപ്പോഴും നനുത്ത കാറ്റടിക്കുന്ന പുൽമേട്ടിൽ 360 ഡിഗ്രി ദൂരക്കാഴ്ചകൾ. പശ്ചിമഘട്ടത്തിലെ കൊട്ടിയൂർ കുന്നുകളുടെ ഭാഗമായ പാലുകാച്ചിമലയിലേക്കുള്ള ട്രക്കിങ്ങിന് വെള്ളിയാഴ്ച തുടക്കമായി.
ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പായ സെയ്ന്റ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, ക്ലോക്ക്‌റൂം, ശൗചാലയ സൗകര്യങ്ങൾ തയ്യാറാക്കുന്നുണ്ട്. ശാന്തിഗിരിയിലാണ് വാഹന പാർക്കിങ്. ബേസ് ക്യാമ്പിലേക്ക് ഓഫ് റോഡ് യാത്രയുള്ളതിനാൽ ഫോർവീൽ ഡ്രൈവ് വാഹനങ്ങളിൽ എത്തണം. ശാന്തിഗിരിയിൽ ഓഫ് റോഡ് വാഹനങ്ങൾ ലഭ്യമാണ്.
പാലുകാച്ചിമല ട്രക്കിങ് ഉദ്ഘാടനം ബേസ് ക്യാമ്പായ സെയ്ന്റ് തോമസ് മൗണ്ടിൽ നടന്നു. ഡി.എഫ്.ഒ. പി.കാർത്തിക് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, ജില്ലാപഞ്ചായത്തംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എൻ.സുനീന്ദ്രൻ, മൈഥിലി രമണൻ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നാരോത്ത്, ശാന്തിഗിരി പള്ളി വികാരി ഫാ. സന്തോഷ് ഒറവാറന്തറ, ശ്രീരാമദാസമിഷൻ ഭാരവാഹി എം.പി.ബാലൻ, പാലുകാച്ചി വനസംരക്ഷണസമിതി പ്രസിഡന്റ് ജോർജ് കുപ്പക്കാട്ട്, മണത്തണ സെക്‌ഷൻ ഫോറസ്റ്റർ സി.കെ.മഹേഷ് തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിനുശേഷം പാലുകാച്ചിമലയിലേക്ക് ട്രക്കിങ് നടത്തി. ട്രക്കിങ് തുടങ്ങി ആദ്യദിനം തന്നെ മറ്റു പ്രദേശങ്ങളിൽനിന്നടക്കം നിരവധി സംഘങ്ങൾ മലകയറാനെത്തി.
ട്രക്കിങ് പൂർണതോതിലാകാൻ രണ്ടാഴ്ചകൂടി
വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ട്രക്കിങ് നടത്തുക. ഉദ്ഘാടനം നടത്തിയെങ്കിലും രണ്ടാഴ്ചയ്ക്കുശേഷമാവും ട്രക്കിങ് പൂർണതോതിൽ തുടങ്ങുക. സുരക്ഷ, ഇൻഷുറൻസ് സൗകര്യങ്ങൾ ഒരുക്കുന്നത് പുരോഗമിക്കുന്നു. ഗാർഡുമാരുടെ നിയമനവും പൂർത്തിയാക്കാനുണ്ട്.