ഒരു മാസത്തിലേറെ നീണ്ട ഉദ്വേഗങ്ങള്‍ക്ക് ഒടുവില്‍ വിധിയെഴുതി തൃക്കാക്കര. പോളിംഗ് സമയം പൂർത്തിയായപ്പോൾ 68.75 ശതമാനം പേർ വോട്ട് ചെയ്തു. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടു ചെയ്തത്.
മഴ മാറിനിന്നതിനാൽ രാവിലെ മുതൽ കനത്ത പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. ഇതിനിടെ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയിലായി. പിറവം പാമ്പാക്കുട സ്വദേശി ആല്‍വിനാണ് പിടിയിലായത്. പൊന്നുരുന്നി സ്വദേശി ടി.എം. സഞ്ജുവിന്റെ പേരിലുള്ള വോട്ട് രേഖപ്പെടുത്താനായിരുന്നു ആല്‍വിന്റെ ശ്രമം.
വോട്ടെടുപ്പിനിടെ രണ്ട് സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കി. ഒരു സ്ഥലത്ത് പ്രിസൈഡിംഗ് ഓഫീസര്‍ മദ്യപിച്ചെത്തി. ഈ സംഭവങ്ങൾ ഒഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.