കണ്ണൂർ: വന്യമൃഗ ശല്യത്തിനെതിരേ പതിറ്റാണ്ടുകളായി കർഷകർ മുറവിളി കൂട്ടിയിട്ടും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശാശ്വതമായ നടപടികൾ സ്വീകരിക്കാത്തത് കടുത്ത ജനവഞ്ചനയാണെന്ന് ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ. ഇൻഫാം കണ്ണൂർ ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
വർഷങ്ങളായി കർഷകർക്കുണ്ടാകുന്ന നഷ്ടം സർക്കാർ പരിഗണിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വിഡ്ഢികളാക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്. വിവിധ കർഷകസംഘടനകളുടെ ശക്തമായ പ്രതിഷേധങ്ങൾ സർക്കാരിൽ സമ്മർദം ചെലുത്താൻ തുടങ്ങിയതുകൊണ്ടാണ് ചില നീക്കങ്ങൾ നടക്കുന്നത്.-അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കർഷകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്ത് അടിയന്തരമായി നിയമനിർമാണം നടത്താൻ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്കറിയ നെല്ലംകുഴി അധ്യക്ഷത വഹിച്ചു. ഫാ.തോമസ് ചെരുവിൽ, ഫാ.ജോസഫ് കാവനാടി, സണ്ണി തുണ്ടത്തിൽ, ജോസ് തോണിക്കൽ, സുരേഷ് ഓടപ്പന്തി, ഷാജി തെക്കേക്കര, ടോമി ചക്കാലക്കൽ, ലാലിച്ചൻ കുഴിയാത്ത്, ഉണ്ണിക്കൃഷ്ണൻ, ഡോ. ജോസഫ് തോമസ്, സണ്ണി പുല്ലുവേലി, ആന്റണി ജീരകത്തിൽ എന്നിവർ പ്രസംഗിച്ചു.