ഇരിട്ടി : കേരളാ-കർണാടക അതിർത്തിയായ മാക്കൂട്ടത്ത് കോവിഡ് കാലത്ത് കേരളത്തിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കാൻ കർണാടക സർക്കാർ സ്ഥാപിച്ച ആരോഗ്യവകുപ്പിന്റെ ചെക്പോസ്റ്റ് അടച്ചു. കോഡിഡ് പരിശോധനക്കുള്ള ജീവനക്കാരെ പൂർണമായും അതിർത്തിയിൽനിന്ന് പിൻവലിച്ചു. മൂന്ന് വർഷത്തോളം പ്രവർത്തിച്ച ചെക്പോസ്റ്റാണ് അടച്ചത്. കോവിഡിന്റെ ആരംഭത്തിൽ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാകുംവിധം ശക്തമായ പരിശോധനയും കർണാടകത്തിലേക്കുള്ള സമ്പൂർണ പ്രവേശന നിരോധനവുമായിരുന്നു നിലനിന്നിരുന്നത്.
കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ചപ്പോഴും കേരളത്തിൽനിന്നുള്ള യാത്രക്കാർക്കുള്ള നിരോധനം പിന്നെയും നീണ്ടു. രാജ്യമൊട്ടാകെ യാത്രാനിയന്ത്രണം നീങ്ങിയപ്പോഴും മാക്കൂട്ടം-ചുരംപാത വഴി കുടകിലേക്ക് പ്രവേശിക്കുന്നതിന് ഇളവ് ലഭിക്കാൻ കാത്തിരിക്കേണ്ടിവന്നിരുന്നു.
മാക്കൂട്ടത്ത് വനംവകുപ്പിന്റെ ചെക്പോസ്റ്റിനോട് ചേർന്ന് താത്കാലികമായി ഒരുക്കിയ സ്ഥലത്താണ് ആദ്യം ചെക്പോസ്റ്റ് പ്രവർത്തിച്ചത്. പിന്നീട് സ്ഥിരംസംവിധനമെന്ന നിലയിൽ വനംവകുപ്പിന്റെ ചെക്പോസ്റ്റിൽനിന്ന് 100 മീറ്റോളം മാറി കേരളത്തിന്റെ അധീനതയിലുള്ള റവന്യൂഭൂമിയോട് ചേർന്ന ഭാഗത്ത് കൺടെയ്‌നർ ചെക്്‌പോസ്റ്റ് സ്ഥാപിച്ചു. ഇതിനെ മടിക്കേരി ജില്ലാ ആസ്ഥാനവുമായി നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്തു. കൂടുതൽ ജീവനക്കാരെയും നിയമിച്ചു.
കർണാടകത്തിലേക്കുള്ള യാത്രയ്ക്ക് ആർ.ടി.പി.സി.ആർ. ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചപ്പോഴും മാക്കൂട്ടത്ത് പരിശോധന തുടർന്നുകൊണ്ടിരുന്നു. രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റുമായി യാത്രചെയ്യാമെന്ന വ്യവസ്ഥയുമുണ്ടാക്കി. ഇതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ബസ് യാത്രക്കാരിൽനിന്ന് ഉൾപ്പെടെ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിന് ഒരു പോലീസിന്റെയും ഒരു ആരോഗ്യ പ്രവർത്തകന്റെയും സേവനം ഏറെകാലം നിലനിർത്തി. കർണാടകത്തിലേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് നിലനിൽക്കെയാണ് അതിർത്തിയിൽനിന്ന് മുഴുവൻ ജീവനക്കാരെയും പിൻവലിച്ചത്.
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് പരിശോധനയുടെ മറവിൽ ചെക്പോസ്റ്റ് കേന്ദ്രീകരിച്ച് വൻതോതിൽ അഴിമതിയും മറ്റ് നിയമവിരുദ്ധപ്രവർത്തനങ്ങളും നടക്കുന്നതായി മടിക്കേരി ജില്ലാ ഭരണകൂടത്തിന് നേരത്തേ ഏറെ പരാതി ലഭിച്ചിരുന്നു.
ഇതിനെത്തുടർന്ന് ചെക്പോസ്റ്റിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇത്തരം സംവിധാനങ്ങളുണ്ടായിട്ടും ഏജന്റുമാർ വഴിയും മറ്റും പണം വാങ്ങുന്നതായുള്ള ആരോപണം
ശക്തമായതോടെയാണ് ചെക്പോസ്റ്റ് പൂർണമായും നിർത്തലാക്കാൻ അധികൃതർ തീരുമാനിച്ചത്.