തലശേരി: ടൂറിസം വകുപ്പിന്റെ തലശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുന്ന പദ്ധതികളായ ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയം, നവീകരിച്ച സെന്റ് ആംഗ്ലിക്കൻ പള്ളി, താഴെ അങ്ങാടി തെരുവ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തലശേരിയുടെ വിനോദസഞ്ചാര സാധ്യതകൾ പരിചയപ്പെടുത്താനും പൈതൃക സമ്പത്തുകൾ സംരക്ഷിക്കാനുമായി വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പദ്ധതികൾ യാഥാർഥ്യമാക്കിയത്.വൈകുന്നേരം 5.30ന് ഗുണ്ടർട്ട് ബംഗ്ലാവിലും താഴെ അങ്ങാടിയിലുമായി നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.
എ.എൻ. ഷംസീർ എംഎൽഎ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൻ ജമുനാ റാണി, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഡയറക്ടർ വി.ആർ. കൃഷ്ണതേജ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ഗുണ്ടർട്ട് ബംഗ്ലാവ്
മ്യൂസിയം
ജർമൻകാരനായ അക്ഷരസ്നേഹി ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശേരി നെട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ ‘ഗുണ്ടർട്ട് ബംഗ്ലാവ് ഡവലപ്മെന്റ് ഓഫ് കംപോണന്റ്സ്’എന്ന സ്വപ്നപദ്ധതി 4.34 കോടി രൂപ ചെലവഴിച്ചാണ് യാഥാർഥ്യമാക്കിയത്. മലയാളത്തിലെ ആദ്യ വർത്തമാനപത്രം പിറന്ന ഇല്ലിക്കുന്ന് ബംഗ്ലാവ് മലയാള ഭാഷയെയും സംസ്കാരത്തെയും മാധ്യമ ചരിത്രത്തെയും അടുത്തറിയാനുള്ള അറിവ് പകരുന്നതോടൊപ്പം ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശ ഭാഷാ കുതുകികളായ ചരിത്രവിദ്യാർഥികൾക്കും പ്രയോജനപ്പെടും. ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷാപഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യവുമുണ്ടാകും. 2.13 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ 2.21 കോടി രൂപയ്ക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയത്. പദ്ധതിയുടെ ഭാഗമായി സ്റ്റോറിലൈൻ ക്രിയേഷൻ, കണ്ടന്റ് ആൻഡ് ഗ്രാഫിക് ക്രിയേഷൻ, ഓഡിയോ അഡ്രസ് സിസ്റ്റം, വൈദ്യുതീകണം, ഫയർ അലാറം സിസ്റ്റം, എ.വി. എക്സിപീരിയൻസ് (ഹാർഡ് വെയർ ആൻഡ് സോഫ്റ്റ്വെർ ഇന്റഗ്രേഷൻ) എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പഴയ ബംഗ്ലാവിന്റെ തനിമ നിലനിർത്തിയാണ് നവീകരണം പൂർത്തിയാക്കിയത്.
ആംഗ്ലിക്കൻ പള്ളി
വടക്കേ മലബാറിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പുതുവഴി തുറന്ന എഡ്വേർഡ് ബ്രണ്ണനാണ് തലശേരി കോട്ടയ്ക്കു സമീപം 1869 ൽ ആംഗ്ലിക്കൻ പള്ളി നിർമാണത്തിന് തുടക്കമിട്ടത്. ആംഗ്ലിക്കൻ-ഗോഥിക് വാസ്തുവിദ്യാ ശൈലിയിലുള്ള പള്ളി 1.84 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.
പള്ളി നവീകരിച്ചതിനൊപ്പം ഡ്രെയ്നേജ്, നടപ്പാത, ചുറ്റുമതിൽ, മുറ്റം, പൂന്തോട്ടം, വൈദ്യുതീകരണം, ദീപ വിതാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
താഴെ അങ്ങാടി
തെരുവ്
സുഗന്ധവ്യഞ്ജനങ്ങളുടെ ലോകപ്രശസ്ത കച്ചവടകേന്ദ്രമായിരുന്ന താഴെയങ്ങാടിക്ക് തലശേരിയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. 4.84 കോടി രൂപ ചെലവിലാണ് താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ് പൂർത്തീകരിച്ചത്.
റോഡ് പേവ്മെന്റ്, ഡ്രെയ്നേജ്, നടപ്പാത, വേസ്റ്റ്ബിൻ, തെരുവുവിളക്കുകൾ, സിസിടിവി എന്നിവയാണ് പൂർത്തിയാക്കിയത്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിനാണ് നിർവഹണ ചുമതല.