അനുദിനം വര്‍ദ്ധിച്ച താപനിലയില്‍ വലഞ്ഞ് കണ്ണൂര്‍ നഗരം. ഇന്നലെ 34 ഡിഗ്രി ആയിരുന്നു ജില്ലയിലെ താപനില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 34 -37 ഡിഗ്രിയിലാണ് ജില്ലയില്‍ അനുഭവപ്പെടുന്ന താപനില. മഴ കുറയുന്നത് തന്നെയാണ് ചൂട് വര്‍ദ്ധിക്കാനിടയാക്കിയത്.
വൈകുന്നേരങ്ങളില്‍ കനത്ത മഴ പെയ്താലും അടുത്ത ദിവസം ഉച്ചയ്ക്ക് മുന്‍പ് തന്നെ ചൂടിന്റെ കാഠിന്യം തുടങ്ങുന്നു. ഈര്‍പ്പമില്ലാത്ത വരണ്ട കാറ്റാണ് ഇപ്പോഴുള്ളത് ഇത് രാത്രിയിലും അന്തരീക്ഷ താപനില വര്‍ദ്ധിപ്പിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷകര്‍ പറഞ്ഞു. പലഭാഗങ്ങളിലും പകല്‍ നല്ല ചൂട് അനുഭവപ്പെടുകയും വൈകുന്നേരങ്ങളില്‍ മഴ ലഭിക്കുകയും ചെയ്യും.
കുറച്ചു വര്‍ഷങ്ങളായി ഏപ്രില്‍, മേയ് മാസങ്ങളില്‍ വേനല്‍മഴയുടെ അളവ് വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ജൂണില്‍ കുറവാണുതാനും. ഇത് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. ചൂടിന്റെ മാറ്റത്തിനനുസരിച്ച് കൃഷിയിലും മാറ്റം വരുത്തണമെന്ന് കാലാവസ്ഥ വിദഗ്ദരുടെ അഭിപ്രായം. നെല്‍കൃഷി ഉള്‍പ്പെടെ ഒക്ടോബര്‍ തുടക്കത്തിലും മാര്‍ച്ചിലും കൊയ്യുന്ന രീതിയിലാകണമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു