കണ്ണൂര്‍: കോവിഡ് ഭീതിയൊഴിഞ്ഞ സാഹചര്യത്തിൽ ജൂൺ ഒന്നിന് അധ്യയനവർഷം ആരംഭിക്കാനിരിക്കെ പാഠപുസ്തകങ്ങൾ മേയ് മാസത്തിൽ വിദ്യാർഥികളിലെത്തിക്കാനൊരുങ്ങി അധികൃതർ. അധ്യയന വര്‍ഷം തുടങ്ങും മുന്‍പേ വിദ്യാര്‍ഥികളുടെ കൈകളിലേക്ക് പുസ്തകം എത്തിക്കാനാണ് ശ്രമം. മേയ് ആദ്യത്തോടെ തന്നെ പുസ്തകവിതരണം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ജില്ലയ്ക്ക് ഒന്നുമുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ 24 ലക്ഷം പുസ്തകമാണ് ആവശ്യം. ഇതിൽ 10 ലക്ഷം പുസ്തകങ്ങൾ പയ്യാന്പലത്തെ പാഠപുസ്തക വിതരണ കേന്ദ്രത്തിൽ എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷം 22 ലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്തത്. പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾ കൂടിയതു കൊണ്ടാണ് ഈ വർഷം രണ്ടു ലക്ഷം പുസ്തകങ്ങൾ കൂടിതൽ വേണ്ടിവന്നതെന്ന് അധികൃതർ പറഞ്ഞു.
എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും പുസ്തകവിതരണം മേയ് 28നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. എല്‍പി വിഭാഗത്തിലെ പാഠപുസ്തകങ്ങള്‍ മുഴുവന്‍ ഡിപ്പോയില്‍ എത്തിയിട്ടുണ്ട്.
യുപി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും മലയാളം, ഇംഗ്ലീഷ് മീഡിയത്തിലെ ആദ്യ വോളിയത്തിൽ വിതരണം ചെയ്യേണ്ട പുസ്തകങ്ങളില്‍ ചിലത് ഡിപ്പോയില്‍ എത്താനുണ്ട്. ആദ്യഘട്ടത്തില്‍ പ്രൈമറി ക്ലാസുകളിലേക്കുള്ള വിതരണമാണ് നടക്കുന്നത്. ഒന്നു മുതല്‍ 10 വരെയുള്ള ഒന്നാം വോള്യം പുസ്തകങ്ങളെല്ലാം പ്രിന്റ് ചെയ്തുകഴിഞ്ഞെന്ന് അധികൃതർ അറിയിച്ചു. കേരളാ ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്)യ്ക്ക് തന്നെയാണ് ഈ വര്‍ഷവും പാഠപുസ്തകങ്ങളുടെ അച്ചടിച്ചുമതല. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ തന്നെ പുസ്തകവിതരണം തുടങ്ങിയിരുന്നു.
മേയ് ആകുന്പോഴേക്ക് വിതരണവും കഴിഞ്ഞിരുന്നു. ഈ വർഷം സാങ്കേതിക പ്രശ്നങ്ങൾകൊണ്ടാണ് പുസ്തക വിതരണം വൈകിയതെന്ന് അധികൃതർ പറഞ്ഞു.
വിതരണംകുടുംബശ്രീ മുഖേന
പുസ്തകവിതരണ കേന്ദ്രത്തിലെത്തിയ പുസ്തകങ്ങളുടെ തരംതിരിക്കലും വിതരണവും കുടുംബശ്രീ മുഖേനയാണ് ചെയ്യുന്നത്. കോര്പറേഷന് പരിധിയിലെ 21 കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഡിപ്പോയില്‍ നിന്നു പാഠപുസ്തകം സ്കൂള്‍ സൊസൈറ്റികളിലെത്തിക്കും. ജില്ലയിലെ 325 സൊസൈറ്റികള്‍ മുഖേനയാണ് സ്കൂളുകളിലേക്ക് പുസ്തകം എത്തിക്കുന്നത്.
മലയാളം, ഇംഗ്ലീഷ്, ഉറുദു, സംസ്കൃതം എന്നീ പുസ്തകങ്ങളടക്കം 10 ലോഡ് പുസ്തകങ്ങള്‍ ഡിപ്പോയില്‍ എത്തി. അണ്‍എയ്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തകങ്ങളും ഡിപ്പോയില്‍ എത്തിയിട്ടുണ്ട്. പുസ്തകം കൈപ്പറ്റണമെങ്കില്‍ സ്കൂള്‍ അധികൃതര്‍ക്ക് റിലീസിംഗ് ഓര്‍ഡര്‍ ലഭിക്കേണ്ടതുണ്ട്. നിലവില്‍ സ്കൂളുകളില്‍ പരീക്ഷ നടക്കുന്നതിനാലാണ് താത്കാലികമായി വിതരണം വൈകുന്നത്. വോളിയം രണ്ടിന്റെ പ്രിന്റിംഗ് ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും വോളിയം ഒന്ന് വിതരണം ചെയ്ത് കഴിഞ്ഞ ഉടൻ അതും വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.